Sunday, August 2, 2026
Kerala News

വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ട് പോയ കേസില്‍ തിരിച്ചടിയേറ്റ് സി.പി.എം: ബ്രാഞ്ച് സെക്രട്ടറിയുടെ അറസ്റ്റ് നേതൃത്വത്തെ വെട്ടിലാക്കി; പരാതിക്കാരുടെ ആരോപണം സത്യമെന്ന് തെളിഞ്ഞെന്ന് കോണ്‍ഗ്രസ്

വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ട് പോയ കേസില്‍ തിരിച്ചടിയേറ്റ് സി.പി.എം: ബ്രാഞ്ച് സെക്രട്ടറിയുടെ അറസ്റ്റ് നേതൃത്വത്തെ വെട്ടിലാക്കി; പരാതിക്കാരുടെ ആരോപണം സത്യമെന്ന് തെളിഞ്ഞെന്ന് കോണ്‍ഗ്രസ്


കൊച്ചി: കൂത്താട്ടുകുളത്ത് വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മാധ്യമങ്ങളും കോണ്‍ഗ്രസും തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും പാര്‍ട്ടി നേതാക്കളുടെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടില്ലെന്നും അവര്‍ത്തിച്ച് പറയുന്ന സി.പി.എമ്മിനേറ്റ തിരിച്ചടിയാണ് കേസില്‍ ബ്രാഞ്ച് സെക്രട്ടറിയുടെ അറസ്റ്റ്. സി.പി.എം കൗണ്‍സിലറായിരുന്ന കലാ രാജുവിനെ തട്ടിക്കൊണ്ട് പോകുകയായിരുന്നില്ലെന്നും സൗഹൃദപരമായി കാറികയറ്റിക്കൊണ്ട് പോകുകയായിരുന്നുവെന്നുമായിരുന്നു സംഭവത്തില്‍ സി.പി.എം വിശദീകരിച്ചുകൊണ്ടിരുന്നത്. എന്നാല്‍ സി.പി.എം ചെല്ലക്കപ്പടി ബ്രാഞ്ച് സെക്രട്ടറി അരുണ്‍ വി.മോഹനെ പോലീസ് അറസ്റ്റ് ചെയ്തതിലൂടെ പരാതിക്കാരി ഉന്നയിച്ച കാര്യങ്ങളില്‍ സത്യമായിരുന്നുവെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് കോണ്‍ഗ്രസും പറഞ്ഞു,

കലാ രാജുവിനെ ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോകുമ്പോള്‍ അരുണ്‍ ഉണ്ടായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച ശേഷമാണ് നടപടി. പരാതിക്കാരിയായ കലാ ഏറ്റവും കൂടുതല്‍ ആരോപണം ഉന്നയിച്ചതും അരുണിനെതിരെയായിരുന്നു. അരുണിന് പുറമെ മറ്റ് ചില പ്രവര്‍ത്തകരുടെ അറസ്റ്റും പിന്നാലെ ഉണ്ടായേക്കുമെന്നാണ് വിവരം.

ശനിയാഴ്ചയാണ് എല്‍.ഡി.എഫ്. ഭരിക്കുന്ന കൂത്താട്ടുകുളം നഗരസഭയില്‍ യു.ഡി.എഫ് നല്‍കിയ അവിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ സ്വന്തം കൗണ്‍സിലറെ സി.പി.എം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയതായി ആരോപണം ഉയരുന്നത്. സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിലെത്തിച്ച കൗണ്‍സിലര്‍ കലാ രാജുവിനെ പിന്നീട് പ്രവര്‍ത്തകര്‍തന്നെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇതേ തുടര്‍ന്നാണ് സി.പി.എം പ്രവര്‍ത്തകര്‍ തന്നെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കലാ രാജു രംഗത്തെത്തിയത്. തുടര്‍ന്ന് തട്ടിക്കൊണ്ടുപോകല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍, അന്യായമായി തടഞ്ഞുവക്കല്‍, നിയമവിരുദ്ധമായി കൂട്ടം ചേരല്‍ തുടങ്ങി ഗുരുതര വകുപ്പുകള്‍ ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്ടാകാത്തതില്‍ പോലീസിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഇപ്പോഴുണ്ടായ അറസ്റ്റ്.



Related News

Comments

No comments yet. Be the first to comment!

Leave a Comment