Sunday, August 2, 2026
Kerala News

സാങ്കേതിക സര്‍വകലാശാലയില്‍ അടിമുടി അഴിമതിയെന്ന് എ.ജി റിപ്പോര്‍ട്ട്: കൂടിയ തുകയ്ക്ക് ഉപകരാര്‍ നല്‍കി; സി.പി.എം നേതാക്കള്‍ പാര്‍ട്ടി ഒഫീസില്‍ പോകാന്‍ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുന്നു

സാങ്കേതിക സര്‍വകലാശാലയില്‍ അടിമുടി അഴിമതിയെന്ന് എ.ജി റിപ്പോര്‍ട്ട്: കൂടിയ തുകയ്ക്ക് ഉപകരാര്‍ നല്‍കി; സി.പി.എം നേതാക്കള്‍ പാര്‍ട്ടി ഒഫീസില്‍ പോകാന്‍ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുന്നു


തിരുവനന്തപുരം: സി.പി.എം നേതാക്കള്‍ അംഗമായിട്ടുള്ള സിന്‍ഡിക്കേറ്റ് നിയന്ത്രിക്കുന്ന സാങ്കേതിക സര്‍വകലാശാലയില്‍ അടിമുടി അഴിമതിയെന്ന് തോന്നിപ്പിക്കുന്ന അക്കൗണ്ടന്റ് ജനറലിന്റെ (എജി) റിപ്പോര്‍ട്ട് പുറത്ത്. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയര്‍ പരിപാലനത്തിന് സ്വകാര്യ ഏജന്‍സിക്ക് പ്രതിവര്‍ഷം ഏഴുകോടി രൂപ നല്‍കിവരുന്നത് സര്‍ക്കാര്‍ ഉത്തരവുകളുടെ ലംഘനമാണെന്നും സിന്‍ഡിക്കേറ്റ് അംഗങ്ങളടക്കം സര്‍വകലാശാലയുടെ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്നതടക്കം ഗുരുതര ആരോപണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.

അരക്കോടി രൂപയില്‍ കൂടുതലുള്ള ഐടി പ്രോജക്ടുകള്‍ ഐടി വകുപ്പിന്റെ അനുമതി വേണമെന്നിരിക്കെയാണ് സര്‍വകലാശാലയുടെ അനുമതി കൂടാതെ ചട്ടം മറികടന്ന് കെല്‍ട്രോണ്‍ ഓസ്പിന്‍ ടെക്‌നോളജി എന്ന സ്വകാര്യ കമ്പനിക്ക് ഉപകരാര്‍ നല്‍കിയതാണ് ചട്ടലംഘനമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഈ കമ്പനി നിയോഗിച്ച ജീവനക്കാരുടെ യോഗ്യതയും കഴിവും സര്‍വകലാശാല പരിശോധിക്കാതെയും സര്‍വകലാശാലയുടെ മേല്‍നോട്ടവും കൂടാതെയും പരീക്ഷ സംബന്ധമായ സോഫ്റ്റ്വെയര്‍ ജോലികള്‍ ചെയ്യുന്നത് ഗുരുതര വീഴ്ചയാണെന്നും എജി ഓഡിറ്റിങ്ങില്‍ കണ്ടെത്തി.

സിന്‍ഡിക്കേറ്റ് അംഗമായ പി.കെ.ബിജു, എ.കെ.ജി സെന്ററിലേക്കും സി.ഐ.ടി.യു ഓഫിസിലേക്കും പോകുന്നതിനായി സാങ്കേതിക സര്‍വകലാശാലയുടെ വാഹനങ്ങള്‍ സ്ഥിരമായി ദുരുപയോഗം ചെയ്യുന്നതായും സ്റ്റാട്യൂട്ടറി ഉദ്യോഗസ്ഥര്‍ ഉപയോഗിക്കേണ്ട സര്‍വകലാശാല വാഹനങ്ങള്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ടവര്‍ ദുരുപയോഗം ചെയ്യുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍ വി.സി ഡോ.രാജശ്രീയും പി.വി.സി ഡോ.അയ്യൂബും ചട്ടവിരുദ്ധമായി വീട്ടുവാടക ബത്തയും ശമ്പളപരിഷ്‌കരണ കുടിശികയുമായി 18 ലക്ഷം രൂപ അനധികൃതമായി കൈപ്പറ്റിയതായും എ.ജി കണ്ടെത്തി. സര്‍വകലാശാലയിലെ ഇടതുപക്ഷ സംഘടനയുടെ പ്രസിഡന്റ് ആയിരുന്ന ഹരികൃഷ്ണന്‍ ശമ്പള കുടിശിക ഇനത്തില്‍ അനധികൃതമായി കൈപ്പറ്റിയ 88,000 രൂപ തിരിച്ചടപ്പിക്കാതെ അദ്ദേഹത്തിന് വിരമിക്കല്‍ അനുവദിച്ചത് ഗുരുതര വീഴ്ചയാണെന്നും 18 ശതമാനം പലിശയോട് കൂടി തുക ഈടാക്കണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് യാതൊരു നിയമങ്ങളും പാലിക്കാതെയും കൃത്യത ഇല്ലാതെയുമാണ് കൈകാര്യം ചെയ്യുന്നതെന്നും കുറ്റപ്പെടുത്തിയിട്ടുണ്ട്. സി.പി.എം സംഘടനാ നേതാവ് കൈപ്പറ്റിയ തുക തിരിച്ചുവാങ്ങാന്‍ സര്‍വകലാശാല ഇതുവരെ തയാറായിട്ടില്ല. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലൂടെ അല്ലാതെ കരാര്‍ ജീവനക്കാരെ സി.എന്‍.വി ആക്ടിനു വിരുദ്ധമായി നേരിട്ട് നിയമിച്ചതും അവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വേതനത്തിന് അധികമായി 9.25 കോടി രൂപ നല്‍കിയതും ഗുരുതര വീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുണ്ട്.

Related News

Comments

No comments yet. Be the first to comment!

Leave a Comment