തിരുവനന്തപുരം: നിയമസഭാംഗത്വം രാജിവെച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പി.വി. അന്‍വര്‍ എം.എല്‍.എ നടത്തിയ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു യു.ഡി.എഫിനുള്ള നിരുപാധിക പിന്തുണ. തിരിച്ചൊന്നും പ്രതീക്ഷിക്കാതെയാണ് പാലക്കാട് യു.ഡി.എഫിന് പൂര്‍ണ പിന്തുണ നല്‍കിയതെന്ന് അന്‍വര്‍ അവകാശപ്പെടുമ്പോള്‍ ചേലക്കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പരാജയത്തിനുവേണ്ടി പ്രവര്‍ത്തിച്ചു എന്ന ചീത്തപ്പേരും അന്‍വറിനുണ്ട്.
പക്ഷെ കൂറുമാറി മറ്റൊരു പാര്‍ട്ടിയില്‍ അംഗമായതോടെ ഒരു രാഷ്ട്രീയ താവളം അനിവാര്യമായിരിക്കുകയാണ്. അതാണ് അന്‍വറിനു മുന്നില്‍ യു.ഡി.എഫ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അനുനയിപ്പിക്കാന്‍ കഴിഞ്ഞതിനാല്‍ മുന്നണി പ്രവേശനം ഇനി പഴയതുപോലെ പ്രയാസമായേക്കില്ല. പക്ഷെ, നിരപാധികം യു.ഡി.എഫിന് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ച അന്‍വര്‍ നിലമ്പൂര്‍ ഉപതിരിഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊളുത്തിയ തീ കോണ്‍ഗ്രസിന് അത്രവേഗം അണയ്ക്കാന്‍ കഴിയുന്നതല്ല.
വര്‍ഷങ്ങളായി യു.ഡി.എഫിന്റെ കുത്തകയായിരുന്ന നിലമ്പൂര്‍ സീറ്റ് അന്‍വറിലൂടെയാണ് എല്‍.ഡി.എഫ് രണ്ട് തവണയും പിടിച്ചെടുത്തത്. വരുന്ന ഉപതിരഞ്ഞെടുപ്പില്‍ അവിടെ താന്‍ മത്സരിക്കില്ലെന്ന് പറഞ്ഞെങ്കിലും മുന്നോട്ട് വച്ച ആവശ്യം കോണ്‍ഗ്രസിലെ ഗ്രൂപ്പ സമവാക്യങ്ങള്‍ തകിടം മറിക്കുന്നതാണ്. മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയിയെ നിലമ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാക്കണമെന്ന അന്‍വറിന്റെ നിര്‍ദേശം ആര്യാടന്‍ ഷൗക്കത്തിനോടുള്ള വിരോധവും എതിര്‍പ്പും പ്രകടമാക്കുന്നതായിരുന്നു. അതിനു സാമുദായിക സമവാക്യങ്ങളെക്കൂടി കൂട്ടുപിടിച്ചതോടെ ശരിക്കും വെട്ടിലായിരിക്കുകയാണ് കോണ്‍ഗ്രസ്.
നിലമ്പൂരില്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്നുള്ള സ്ഥാനാര്‍ഥി വേണമെന്നാണ് അന്‍വര്‍ പറയാതെ പറഞ്ഞത്. അതിനു പിന്നില്‍ മലയോര ക്രിസ്ത്യന്‍ വോട്ടുബാങ്കാണ്. അന്‍വറിന്റെ ഈ ചാട്ടുളി പ്രയോഗം യു.ഡി.എഫിന് എളുപ്പം തള്ളിക്കളയാനുമാവില്ല. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ അകന്നതാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടിക്ക് കാരണമെന്ന് കോണ്‍ഗ്രസ് പൊതുവില്‍ വിലയിരുത്തിയതാണ്. പിണറായിയുടെ മൂന്നാം വരവ് തടയണമെങ്കില്‍ ക്രിസ്ത്യന്‍ വോട്ടുബാങ്ക് തിരിച്ചുപിടിക്കണമെന്നിരിക്കെ, നിലമ്പൂരില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ഥി എന്ന അന്‍വറിന്റെ ആവശ്യം എങ്ങനെ കൈകാര്യം ചെയ്യുമെന്നത് യു.ഡി.എഫിന് മുന്നിലെ പ്രതിസന്ധിയാണ്.
അന്‍വര്‍ ചുവടുമാറിയതോടെ നിലമ്പൂരില്‍ കോണ്‍ഗ്രസ് വലിയ വിജയസാധ്യത കാണുന്നുണ്ട്. കഴിഞ്ഞ തവണ സി.പി.എം പിന്തുണയോട് മത്സരിച്ച പി.വി. അന്‍വറിന് ലഭിച്ചതാകട്ടെ വളരെ ചെറിയ ഭൂരിപക്ഷം മാത്രമാണ്. പിണറായി തരംഗത്തിലും നിലമ്പൂര്‍ യു.ഡി.എഫിനൊപ്പമായിരുന്നുവെന്ന വ്യാഖ്യാനം അന്നേ കോണ്‍ഗ്രസിനുണ്ടായിരുന്നു. ഭരണവിരുദ്ധ വികാരം ശക്തമായി നില്‍ക്കുന്ന ഈ സമയത്ത് അനായാസമായ വിജയം സ്വന്തമാക്കാമെന്ന പ്രതീക്ഷയും കോണ്‍ഗ്രസിനുണ്ട്.
എന്നാല്‍ ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിനുവേണ്ടി നീക്കിവച്ചിരിക്കുന്ന സീറ്റാണ് നിലമ്പൂര്‍. ഇവിടേക്കാണ് മത പ്രാതിനിധ്യത്തിന്റെ പേര് പറഞ്ഞ് വി.എസ്. ജോയിയെ മത്സരിപ്പിക്കണമെന്ന ആവശ്യം അന്‍വര്‍ മുന്നോട്ട് വച്ചത്. യു.ഡി.എഫ് ഇത് നിരസിച്ചാല്‍ ക്രിസ്ത്യന്‍ വോട്ടുകളില്‍ വിള്ളല്‍ സൃഷ്ടിക്കപ്പെടും. അംഗീകരിക്കപ്പെട്ടാല്‍ മുസ്ലിം വോട്ടുകളും വലിയ നിലയില്‍ ഒഴുകിപ്പോയേക്കാം. ഇലയ്ക്കും മുള്ളിലും കേടില്ലാത്ത വിധം ഒരു പരിഹാരം കണ്ടെത്താനുള്ള വിഷമ സന്ധിയിലേക്ക് യു.ഡി.എഫിനെ തള്ളിവിട്ടുകൊണ്ടാണ് നിരുപാധിക പിന്തുണ എന്ന ഓഫര്‍ അന്‍വര്‍ മുന്നോട്ട് വച്ചിരിക്കുന്നത്.
അന്‍വറിന്റെ രാജി വാര്‍ത്തസമ്മേളനം സി.പി.എമ്മിലും അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ താന്‍ നടത്തിയ കടന്നാക്രമണത്തിന് സി.പി.എമ്മിലെ പ്രധാന നേതാക്കളുടെ അറിവും പിന്തുണയുമുണ്ടായിരുന്നു എന്നാണ് അന്‍വര്‍ പറഞ്ഞത്. മുതിര്‍ന്ന നേതാക്കളുടെ പ്രോത്സാഹനം തനിക്കുണ്ടായിരുന്നുവെന്ന അന്‍വറിന്റെ അവകാശവാദം സി.പി.എം തള്ളിപ്പറയുന്നുണ്ടെങ്കിലും അന്‍വര്‍ പാര്‍ട്ടി നേതൃനിരയില്‍ അവിശ്വാസത്തിന്റെ വിത്ത് വിതച്ചു എന്നുള്ളത് വസ്തുതയാണ്. അത് നീറിപ്പുകഞ്ഞാല്‍ ആഴ്ചകള്‍ക്കകം നടക്കാനിരിക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ അടക്കം പ്രതിഫലിച്ചേക്കാം.
ഇതിനിടെയാണ് യു.ഡി.എഫ് അനുവദിച്ചാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ പിണറായി വിജയനെതിരെ മത്സരിക്കുമെന്ന പ്രഖ്യാപനവും പി.വി. അന്‍വര്‍ നടത്തിയത്. അടുത്ത തിരഞ്ഞെടുപ്പിലും പിണറായി മത്സരിച്ചിരിക്കും. അദ്ദേഹം എവിടെ മത്സരിക്കുന്നുവോ അവിടെ മത്സരിക്കാന്‍ താന്‍ തയ്യാറാണെന്നും അന്‍വര്‍ പറഞ്ഞു.
ഉറച്ച കോട്ടകളൊക്കെ പണ്ടായിരുന്നു. ഇളക്കം തട്ടില്ല, തൊടാന്‍ പറ്റില്ല എന്നുപറയുന്ന കാലമൊക്കെ കഴിഞ്ഞു. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലായിക്കഴിയുന്നുണ്ട്. ഇപ്പോഴുള്ളതെല്ലാം ഇളകിയ കോട്ടകളാണ്. അടിത്തറ ഇളകിയ കോട്ടകള്‍. പിണറായിയെ താഴെയിറക്കാനുള്ള പോരാട്ടത്തിനാണ് യു.ഡി.എഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. അത് അങ്ങനെതന്നെ തുടരും. എനിക്ക് എത്ര സീറ്റുവേണം ആ സീറ്റുവേണം എന്നൊക്കെ പറയാന്‍ കഴിയുമോ അതൊക്കെ അവരാണ് മാന്യമായി പരിഗണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ രാജികൊണ്ട് ഒരു തിരഞ്ഞെടുപ്പാണ് വന്നിരിക്കുന്നത്. എന്നാല്‍ അതിനുമുന്‍പ് കൂടുതല്‍ രാജി വന്നേക്കാം. അവിടങ്ങളിലും ഉപതിരഞ്ഞെടുപ്പ് വരാന്‍ സാധ്യതയുണ്ട്. അവിടെയും യു.ഡി.എഫിന് നിരുപാധിക പിന്തുണ തന്നെയായിരിക്കും. തൃണമൂല്‍ കോണ്‍ഗ്രസിനെ യു.ഡി.എഫിലെടുക്കാന്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു.
Politics
Views
അന്‍വറിന്റെ പിന്തുണ നിരുപാധികം അല്ല... നിലമ്പൂരില്‍ കൊളുത്തിയ തീ അത്രവേഗം കെടുത്താനാകുമോ യു.ഡി.എഫിന്? അനുവദിച്ചാല്‍ പിണറായിക്കെതിരെ മത്സരിക്കുമെന്നും അന്‍വര്‍
Comments
No comments yet. Be the first to comment!
Leave a Comment