Sunday, August 2, 2026
Kerala News

പി.വി. അന്‍വര്‍ എം.എല്‍.എ പദവി രാജിവച്ചു: രാജിക്കത്ത് സ്പീക്കര്‍ക്ക് കൈമാറി; ഇനി കേന്ദ്ര രാഷ്ട്രീയത്തിലേക്ക്?

പി.വി. അന്‍വര്‍ എം.എല്‍.എ പദവി രാജിവച്ചു: രാജിക്കത്ത് സ്പീക്കര്‍ക്ക് കൈമാറി; ഇനി കേന്ദ്ര രാഷ്ട്രീയത്തിലേക്ക്?



മലപ്പുറം: സി.പി.എം പിന്തുണയോടെ നിലമ്പൂരില്‍ നിന്ന് എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച പി.വി. അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവച്ചു. തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് രാജി. ഇന്ന് രാവിലെ സ്പീക്കര്‍ എ.എന്‍. ഷംസീറിനെ നേരില്‍ കണ്ട് രാജിക്കത്ത് കൈമാറി. എം.എല്‍.എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ് എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് അന്‍വര്‍ നിയമസഭാ സ്പീക്കറുടെ ഓഫിസിലെത്തിയത്. ഉടന്‍ തന്നെ മാധ്യമങ്ങളെ കണ്ട് തന്റെ രാഷ്ട്രീയ തീരുമാനം വ്യക്തമാക്കുമെന്നാണ് കരുതുന്നത്.

തൃണുമുല്‍ കോണ്‍ഗ്രസിനൊപ്പം ചേരുമ്പോള്‍ കൂറുമാറ്റ നിയമപ്രകാരം തന്റെ എംഎല്‍എ പദവിക്ക് അയോഗ്യത കല്‍പ്പിക്കപ്പെടും. അതൊഴിവാക്കാനാണ് ഒരു മുഴം മുന്‍പേ എംഎല്‍എ സ്ഥാനം രാജിവയ്ക്കാനുള്ള നീക്കത്തിലേക്ക് അന്‍വര്‍ കടന്നത്. അന്‍വര്‍ രാജിവെച്ചാലും സര്‍ക്കാരിന് ഒരു ചലനവും ഉണ്ടാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. അന്‍വറിന്റേത് അറു പിന്തിരിപ്പന്‍ നയമാണ്. അന്‍വര്‍ നേരത്തെ തന്നെ യുഡിഎഫിന്റെ ഭാഗമെന്നും ഒടുവില്‍ അവിടെ ചെന്നേ ചേരൂവെന്നും ഗോവിന്ദന്‍ വിശദമാക്കി.

എല്‍.ഡി.എഫില്‍ നിന്ന് പടിയിറങ്ങിയ അന്‍വര്‍ ഡി.എം.കെ. എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ച് തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെയുമായി കൈകോര്‍ക്കാനുള്ള നീക്കങ്ങള്‍ നടത്തിയിരുന്നു. അത് പരാജയപ്പെട്ടതോടെ യു.ഡി.എഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. വി.ഡി. സതീശന്‍ പക്ഷത്തിന്റെ കടുത്ത എതിര്‍പ്പ് മൂലം അതും വിജയം കണ്ടില്ല. ഇതിനിടെയാണ് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി അന്‍വര്‍ കൈകോര്‍ത്തത്. പാര്‍ട്ടി അംഗത്വം സ്വീകരിച്ചിട്ടില്ലെന്നാണു വിവരം. സംസ്ഥാന കോഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുമെന്നാണ് അന്‍വര്‍ അറിയിച്ചത്.

സംസ്ഥാന കോഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും കേന്ദ്ര രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റമായും നീക്കത്തെ കാണാം. എം.പി സ്ഥാനമാണ് അന്‍വര്‍ തൃണമുലിനു മുന്നില്‍ വച്ചിട്ടുള്ള ഡിമാന്റ്. അംഗീകരിക്കപ്പെട്ടാല്‍ രാജസഭാ എംപിയായി അന്‍വര്‍ ഡെല്‍ഹിയിലേക്ക് വണ്ടികയറും. രാജിയോടെ ഒഴിവു വന്ന നിലമ്പൂര്‍ സീറ്റില്‍ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫുമായി കൈകോര്‍ക്കുകയോ അല്ലേല്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുകയോ ആകും നീക്കം. ജയിച്ചില്ലെങ്കില്‍ തന്നെയും തൃണമുല്ലിന്റെ സാന്നിധ്യം സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രകടിപ്പിക്കാന്‍ കൂടിയാകും അന്‍വര്‍ ഉപതിരഞ്ഞെടുപ്പിനെ ഉപയോഗപ്പെടുത്തുക.

കേരളത്തില്‍ 10 വര്‍ഷം മുന്‍പു നടത്തിയ പാര്‍ട്ടി രൂപീകരണം പരാജയമായതിനാല്‍ അന്‍വറിനെ കോഓര്‍ഡിനേറ്ററായി നിയോഗിച്ചു ജാഗ്രതയോടെയുള്ള നീക്കമാണു തൃണമൂലിന്റേത്. വലിയ വാഗ്ദാനം അന്‍വര്‍ നല്‍കിയിട്ടുണ്ടെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ മലബാറിലെങ്കിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുകയും പാര്‍ട്ടിയെ യു.ഡി.എഫില്‍ എത്തിക്കുകയും ചെയ്യണമെന്നാണു തൃണമൂല്‍ നേതാക്കള്‍ നല്‍കിയ ഉപദേശം. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയെ അന്‍വര്‍ കണ്ടെങ്കിലും മമതയുമായുള്ള കൂടിക്കാഴ്ച ഇതുവരെയുണ്ടായിട്ടില്ല.

Related News

Comments

No comments yet. Be the first to comment!

Leave a Comment