Sunday, August 2, 2026
Kerala News

ജയില്‍ അറിയാന്‍ ഒരു ദിവസം ജയിലില്‍ കിടക്കണം... അറംപറ്റിയ ബോച്ചെയുടെ മോഹം; ബോബിയെ പ്രവേശിപ്പിച്ചത് കാക്കനാട് ജില്ലാ ജയിലിലെ എ ബ്ലോക്കിലെ സെല്ലില്‍

ജയില്‍ അറിയാന്‍ ഒരു ദിവസം ജയിലില്‍ കിടക്കണം... അറംപറ്റിയ ബോച്ചെയുടെ മോഹം; ബോബിയെ പ്രവേശിപ്പിച്ചത് കാക്കനാട് ജില്ലാ ജയിലിലെ എ ബ്ലോക്കിലെ സെല്ലില്‍
കൊച്ചി: ജയിലിനെ അറിയാനും തടവുപുള്ളികള്‍ എങ്ങനെ ജയിലില്‍ കഴിയുന്നുവെന്ന് മനസിലാക്കാനും ഒരു ദിവസം ജയിലില്‍ കിടക്കണമെന്ന മോഹം മനസില്‍ കൊണ്ടുനടന്ന ആളാണ് ബോച്ചെ എന്ന ബോബി ചെമ്മണ്ണൂര്‍. മോഹം സഫലീകരിക്കാന്‍ ഒരിക്കലദ്ദേഹം തെലുങ്കാനയില്‍ വരെ പോകേണ്ടിവന്നു. കേരളത്തിലെ ജയില്‍ ടൂറിസം എന്നൊരു സംവിധാനം ഇല്ലാത്തതില്‍ പരിഭവപ്പെടുന്ന ബോച്ചയേയാണ് അന്ന് കണ്ടത്. ഇപ്പോഴിതാ ബോച്ചെയുടെ ആഗ്രഹം അറംപറ്റിയതുപോലെയായിരിക്കുകയാണ്. ജയില്‍ ടൂറിസം ആഗ്രഹിച്ചയാള്‍ ഒടുവില്‍ ജയിലിലെത്തി... കുറ്റവാളിയായി.

നടിയുടെ ലൈംഗീകാതിക്ഷേപ പരാതിയില്‍ ജില്ലാ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ജാമ്യം നിഷേധിക്കപ്പെട്ടതോടെയാണ് ബോബി ചെമ്മണ്ണൂരിന് ജയിലില്‍ കിടക്കാന്‍ വിധിയുണ്ടായത്. രാവിലെ രണ്ടാമതും വൈദ്യ പരിശോധന നടത്തിയ ബോച്ചെയെ ഉച്ചയ്‌ക്കേ ശേഷമാണ് കോടതിയില്‍ ഹാജരാക്കാനായി എറണാകുളം ജില്ലാ മജിസ്‌ട്രേറ്റിന് മുന്നില്‍ കൊണ്ടുപോയത്. പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങുമ്പോഴും കോടതി പടികള്‍ കയാറുമ്പോഴും ചിരിച്ച മുഖത്തോടെ ആരാധകരേയും മാധ്യമങ്ങളേയും കൈവീശിക്കാട്ടി ഉല്ലാസവാനായിരുന്നു ബോബി.

ജാമ്യം കിട്ടുമെന്ന പ്രതീക്ഷ ബോബിക്കുണ്ടായിരുന്നു. പക്ഷെ തിരിഞ്ഞും മറിഞ്ഞും വാദിച്ചിട്ടും അതൊന്നും ചെവിക്കൊള്ളാന്‍ ജില്ലാ മജിസ്‌ട്രേറ്റ് തയാറിയില്ല. ഒടുവില്‍ 14 ദിവസത്തേക്ക് ജൂഡീഷ്യല്‍ കസ്റ്റഡിക്ക് വിട്ടുകൊണ്ട് ഉത്തരവിട്ടു. ഇതോടെ ഉല്ലാസം നഷ്ടപ്പെട്ട ബോച്ചെയേയാണ് പിന്നീട് കണ്ടത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോടതിയില്‍ നിന്ന് നേരെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക്. ബോച്ചെയുടെ ആരാധകരും മാധ്യമപ്പടയും നേരെ ആശുപത്രിയിലെത്തി.

രക്തസമ്മര്‍ദ്ദം, തലകറക്കം, ചുമ, മുട്ടിനു വേദന തുടങ്ങിയ അസ്വസ്ഥതകളാണ് ബോച്ചെ ഡോക്ടറോട് പറഞ്ഞത്. വിദഗ്ധചിക്തസയ്ക്ക് നിര്‍ദേശിക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ പോലീസ് സമ്മതിച്ചില്ല. ഇതോടെ ബോച്ചെയുടെ ജയില്‍ പ്രവേശന തടസങ്ങളൊക്കെ മാറി. ബോച്ചെയെ തിരികെ പോലീസ് ജീപ്പില്‍ കയറ്റിയപ്പോഴേക്കും ബോച്ചെ ഫാന്‍സ് പോലീസ് വാഹനത്തിന് മുന്നില്‍ ബോബിക്ക് മുദ്രാവാക്യം വിളിച്ചു തടസം സൃഷ്ടിച്ചു നിന്നു. ബോബിയെ ആശുപത്രിയിലേക്ക് മാറ്റണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ പോലീസ് അത് കൂട്ടാക്കാതെ വാഹനം മുന്നോട്ടെടുത്ത് നേരെ കാക്കനാട് ജില്ലാ ജയിലിലേക്ക്.

ജയിലിലെ എ ബ്ലോക്കിലാവും ബോബിയെ താമസിപ്പിക്കുക. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രധാനപ്രതി വെളപ്പായ സതീശനും കളമശ്ശേരി ബോംബ് സ്ഫോടനക്കേസിലെ പ്രതി ഡൊമനിക് മാര്‍ട്ടിനും നിലവില്‍ കാക്കനാട്ടെ ജില്ലാ ജയിലിലുണ്ട്.

നാളെ ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ജയിലിലേക്ക് പോകുന്നതിനിടെ ബോബി ചെമ്മണൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ബോബി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആവര്‍ത്തിച്ചു. എന്നാല്‍ ബോബി ചെമ്മണൂരിനെതിരായി രജിസ്റ്റര്‍ ചെയ്ത കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കണ്ടെത്തിയായിരുന്നു കോടതി ജാമ്യഹര്‍ജി തള്ളിയത്. അനുമതിയില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും ഒളിവില്‍ പോകാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നുമുള്ള പോലീസ് റിപ്പോര്‍ട്ടും കോടതി അംഗീകരിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment