ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും ധനികനരായ മുഖ്യമന്ത്രിമാരുടെ പട്ടികയിൽ ഒന്നാമത് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) പുറത്തുവിട്ട കണക്കിൽ 931 കോടിയിലധികം രൂപയാണ് ചന്ദ്രബാബു നായിഡുവിന്റെ ആസ്തി. ആസ്‌തിയുടെ കാര്യത്തിൽ നായിഡുവിന്റെ ഏഴയലത്ത് മറ്റ് മുഖ്യമന്ത്രിമാർ എത്തില്ല.
മറുവശത്ത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് ഏറ്റവും സമ്പത്ത് കുറഞ്ഞ മുഖ്യമന്ത്രി. വെറും 15 ലക്ഷം രൂപ മാത്രമാണ് മമത ബാനർജിയുടെ ആസ്‌തി. 55 ലക്ഷം രൂപ ആസ്‌തിയുള്ള ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ളയാണ് രണ്ടാമത്.
കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സ്ഥാനം പട്ടികയിൽ മൂന്നാമതാണ്. 1.18 കോടിയാണ് പിണറായി വിജയന്റെ ആസ്തി. രാജ്യത്ത് നിലവിലുള്ള മുഖ്യമന്ത്രിമാരിൽ പിന്നിലാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെങ്കിലും കേരളത്തിൽ ഭരണം കയ്യാളിയിട്ടുള്ള കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരിൽ ഏറ്റവും ധനികൻ പിണറായി വിജയനാണ്.
332 കോടിയിലധികം രൂപയുടെ ആസ്‌തിയുള്ള അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവാണ് സമ്പന്നനായ രണ്ടാമത്തെ മുഖ്യമന്ത്രി. 51 കോടിയിലധികം ആസ്‌തിയുള്ള കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പട്ടികയിൽ മൂന്നാമതാണ്. പേമ ഖണ്ഡുവും ചന്ദ്രബാബു നായിഡുവും അല്ലാതെ മറ്റൊരു മുഖ്യമന്ത്രിക്കും 100 കോടിക്ക് മുകളിൽ ആസ്‌തി സ്വന്തമായില്ല.
എന്നാൽ ബാധ്യതയുടെ കാര്യത്തിൽ പേമ ഖണ്ഡുവിനാണ് മുന്നിൽ. 180 കോടിയാണ് ഖണ്ഡുവിന്റെ കടം. സിദ്ധരാമയ്യക്ക് 23 കോടി രൂപയുടെയും ചന്ദ്രബാബു നായിഡുവിന് 10 കോടിയിലധികം രൂപയുടെയും ബാധ്യതയുണ്ട്.
സംസ്ഥാന അസംബ്ലികളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള ഓരോ മുഖ്യമന്ത്രിയുടെയും ശരാശരി ആസ്‌തി 52.59 കോടി രൂപയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിൽ ആകെയുള്ള 31 മുഖ്യമന്ത്രിമാരുടെ മൊത്തം ആസ്‌തി 1630 കോടി രൂപയോളം വരുമെന്നാണ് കണക്കാക്കുന്നത്. ഇതിൽ പകുതിയിലധികവും ചന്ദ്രബാബു നായിഡുവിന്റെ പേരിലാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.
2023-2024 കാലയളവിൽ ഇന്ത്യയുടെ പ്രതിശീർഷ അറ്റ ദേശീയ വരുമാനം അല്ലെങ്കിൽ എൻ.എൻ.ഐ ഏകദേശം 1,85,854 രൂപയായിരുന്നപ്പോൾ, എ.ഡി.ആർ പങ്കുവച്ച കണക്കുകൾ അനുസരിച്ച് ഒരു മുഖ്യമന്ത്രിയുടെ ശരാശരി സ്വയംവരുമാനം 13,64,310 രൂപയാണെന്നാണ് കണക്കാക്കുന്നത്. ഇത് ഇന്ത്യയുടെ ശരാശരി പ്രതിശീർഷ വരുമാനത്തിന്റെ 7.3 ഇരട്ടിയോളം വരും.
Comments
No comments yet. Be the first to comment!
Leave a Comment