Sunday, August 2, 2026
India News

ചെരുപ്പ് ഉപേക്ഷിച്ചതിന് പിന്നാലെ ചാട്ടവാറുകൊണ്ട് ശരീരത്തില്‍ സ്വയം ആടിച്ച് വേറിട്ട സമരം: ഡി.എം.കെ സര്‍ക്കാരിനെ താഴെയിറക്കാന്‍ 48 ദിവസത്തെ വ്രതം തുങ്ങി അണ്ണാമലൈ

ചെരുപ്പ് ഉപേക്ഷിച്ചതിന് പിന്നാലെ ചാട്ടവാറുകൊണ്ട് ശരീരത്തില്‍ സ്വയം ആടിച്ച് വേറിട്ട സമരം: ഡി.എം.കെ സര്‍ക്കാരിനെ താഴെയിറക്കാന്‍ 48 ദിവസത്തെ വ്രതം തുങ്ങി അണ്ണാമലൈ



ചെന്നൈ: ഡി.എം.കെ സര്‍ക്കാരിനെ താഴെയിറക്കാന്‍ വേറിട്ട സമര രീതിയുമായി രംഗത്ത് വന്നിരിക്കുകയാണ് തമിഴ്‌നാട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈ. ഡി.എം.കെ സര്‍ക്കാരിനെ താഴേയിറക്കുന്നത് വരെ ചെരുപ്പ് ധരിക്കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ സ്വന്തം ശരീരത്തില്‍ ചാട്ടവാറിന് അടിച്ചുകൊണ്ടാണ് പ്രതിഷേധത്തിന്റെ ഭാഗമായുള്ള 48 ദിവസത്തെ വ്രതത്തിന് ആരംഭമിട്ടത്. പച്ച നിറത്തിലുള്ള മുണ്ടുടുത്ത് സ്വന്തം വീടിന് മുന്നിലായിരുന്നു അണ്ണാമലൈയുടെ പ്രതിഷേധം.

അണ്ണാ സര്‍വകലാശാല കാമ്പസില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് സംഭവത്തില്‍ നാടിന്റെ അരക്ഷിതാവസ്ഥയെ പഴിച്ചുകൊണ്ടാണ് സ്വയം ശിക്ഷ ഏറ്റുവാങ്ങുന്നതായ പ്രതീതി സൃഷ്ടിക്കുന്ന വിധം ദേഹത്ത് ചാട്ടവാറിന് അടിച്ചത്. നാടിനേയും പെണ്‍കുട്ടികളേയും സംരക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാരിനെ ഭരണത്തിലേറ്റിയതില്‍ തെറ്റുപറ്റിയെന്നും അതിനുള്ള ശിക്ഷ ജനം സ്വയം ഏറ്റുവാങ്ങുന്നു എന്നുമാണ് പ്രതീകാത്മക സമര രീതിയിലൂടെ അദ്ദേഹം പറയാന്‍ ശ്രമിക്കുന്നത്.

ഡി.എം.കെ സര്‍ക്കാര്‍ ഭരണത്തില്‍നിന്ന് വീഴുംവരെ ചെരുപ്പ് ഉപയോഗിക്കില്ലെന്ന് കഴിഞ്ഞ ദിവസം അണ്ണാമലൈ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചാട്ടവാര്‍ കൊണ്ട് ആറു തവണ ശരീരത്തിലടിച്ചത്. അണ്ണാമലൈ ആദ്യം പ്രാര്‍ഥിക്കുന്നതും പിന്നീട് അടിക്കുന്നതും വീഡിയോയില്‍ കാണാം. ചുറ്റും പ്ലക്കാര്‍ഡ് പിടിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ നില്‍ക്കുന്നുണ്ടായിരുന്നു. ചാട്ടവാര്‍ അടി പുരോഗമിക്കുന്നതിനിടയില്‍ ഇതില്‍ ഒരു പ്രവര്‍ത്തകന്‍ ഓടിയെത്തി അണ്ണാമലൈ തടയുന്നതും പിന്നീട് കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം.

ഡിസംബര്‍ 23ന് രാത്രി എട്ടിനാണ് അണ്ണാ സര്‍വകലാശാല കാംപസില്‍വെച്ച് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ക്രൂരപീഡനത്തിന് ഇരയായത്. രണ്ടുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയതിന് ശേഷമായിരുന്നു ക്രൂരപീഡനം.

സംഭവത്തില്‍, ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോട്ടൂര്‍പുരം സ്വദേശി ജ്ഞാനശേഖരന്‍(37) ആണ് അറസ്റ്റിലായത്. വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്നയാളാണ് ജ്ഞാനശേഖരന്‍. ഇയാള്‍ക്കെതിരേ കോട്ടൂര്‍പുരം പോലീസ് സ്റ്റേഷനില്‍ വേറേയും കേസുകളുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.




Related News

Comments

No comments yet. Be the first to comment!

Leave a Comment