Sunday, August 2, 2026
India News

തബലയിലെ മാസ്മരിക നാദം നിലയ്ച്ചു; സാക്കിര്‍ ഹുസൈന്റെ അന്ത്യം അമേരിക്കയിലെ ആശുപത്രിയില്‍; നഷ്ടമായത് രാജ്യത്തെ സംഗീത പാരമ്പര്യത്തിന്റെ സാക്ഷ്യപത്രം

തബലയിലെ മാസ്മരിക നാദം നിലയ്ച്ചു; സാക്കിര്‍ ഹുസൈന്റെ അന്ത്യം അമേരിക്കയിലെ ആശുപത്രിയില്‍; നഷ്ടമായത് രാജ്യത്തെ സംഗീത പാരമ്പര്യത്തിന്റെ സാക്ഷ്യപത്രം


മുംബൈ: താളത്തിന്റെയും ചാരുതയുടെയും പര്യായമായ ഇതിഹാസ തബല വിദ്വാന്‍ ഉസ്താദ് സാക്കീര്‍ ഹുസൈന്‍ അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 73 വയസായിരുന്നു. മൂന്ന് പത്മ പുരസ്‌കാരങ്ങളാല്‍ ആദരിക്കപ്പെട്ട ഹുസൈന്‍ ഇന്ത്യയുടെ സമ്പന്നമായ സംഗീത പാരമ്പര്യത്തിന്റെ സാക്ഷ്യപത്രമായിരുന്നു.

1951 മാര്‍ച്ച് 9 ന് മുംബൈയിലെ സംഗീതജ്ഞരുടെ കുടുംബത്തില്‍ ജനിച്ച സാക്കിര്‍ ഹുസൈന്‍ ഇതിഹാസനായ ഉസ്താദ് അല്ലാ രാഖാ ഖാന്റെ മകനാണ്. വളരെ ചെറുപ്പത്തില്‍ തന്നെ പിതാവ് അവനെ തബലയുടെ തബലയിലെ താളങ്ങള്‍ പരിചയപ്പെടുത്തിയിരുന്നു. തന്റെ സ്വതസിദ്ധമായ സംഗീത പ്രതിഭയ്ക്ക് അനുയോജ്യമായ അന്തരീക്ഷമായിരുന്നു മുംബൈയില്‍ സാക്കിറിനു ലഭിച്ചത്. ഏഴാം വയസില്‍ സരോദ് വിദഗ്ധന്‍ ഉസ്താദ് അലി അക്ബര്‍ ഖാനോടൊപ്പം ഏതാനും മണിക്കൂര്‍ അച്ഛന് പകരക്കാരനായി. അതായിരുന്നു ആദ്യ വാദനം.

പന്ത്രണ്ടാം വയസ്സില്‍ ബോംബെ പ്രസ് ക്ലബില്‍ നൂറു രൂപയ്ക്ക് ഉസ്താദ് അലി അക്ബര്‍ ഖാനോടൊപ്പം സ്വതന്ത്രമായി തബല വായിച്ച് സംഗീതലോകത്ത് വരവറിയിച്ചു. ഇതോടെ അസാധാരണമായ തബല വൈദഗ്ധ്യം കൊണ്ട് അദ്ദേഹം സംഗീത ലോകത്ത് തന്റെ അസാമാന്യ പ്രയാണം ആരംഭിക്കുകയായിരുന്നു. ഔപചാരിക വിദ്യാഭ്യാസത്തിനൊപ്പം കലയും കൂടെക്കൂട്ടുകയും സംഗീത വ്യവസായത്തിലെ അറിയപ്പെടുന്ന വ്യക്തിയായി സാക്കിര്‍ മാറുകയും ചെയ്തു.

ആദ്യ ആല്‍ബമായ ലിവിങ് ഇന്‍ ദ മെറ്റീരിയല്‍ വേള്‍ഡ് 1973 ലാണ് പുറത്തിറങ്ങിയത്, ഇത് സാക്കിറിന് നല്ലൊരു തുടക്കമായിരുന്നു. 1979 മുതല്‍ 2007 വരെ, അദ്ദേഹം നിരവധി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലുകളുടെയും ആല്‍ബങ്ങളുടെയും ഭാഗമായിരുന്നു. തബലയുടെ ചടുലമായ താളങ്ങളും സങ്കീര്‍ണമായ പാറ്റേണുകളും കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്താന്‍ സാക്കിറിന് സാധിച്ചു.

ആറ് പതിറ്റാണ്ട് നീണ്ടുനിന്ന തന്റെ കരിയറില്‍ നിരവധി പ്രശസ്ത ഇന്ത്യന്‍, അന്തര്‍ദേശീയ കലാകാരന്മാരുമായി സഹകരിക്കാനുള്ള അവസരവും സാക്കിറിന് ലഭിച്ചു. 1973 ല്‍ ഗ്രാമി അവാര്‍ഡ് നേടിയ ശക്തി എന്ന ബാന്‍ഡിന്റെ ഭാഗമായിരുന്നു സാക്കിര്‍ ഹുസൈന്‍. പൗരസ്ത്യ, പാശ്ചാത്യ സംഗീതജ്ഞരെ ഒന്നിപ്പിച്ച ഈ ബാന്‍ഡ്, ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തെ ജാസ്, റോക്ക് എന്നിവയുമായി സംയോജിപ്പിച്ചു കൊണ്ട് സാംസ്‌കാരിക അതിരുകള്‍ക്കപ്പുറത്തുള്ള ഒരു മാസ്മരിക ശബ്ദദൃശ്യം സൃഷ്ടിച്ചു.

1988-ല്‍ പദ്മശ്രീയും 2022-ല്‍ പദ്മഭൂഷണും 2023-ല്‍ പദ്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. നാല് തവണ ഗ്രാമി അവാര്‍ഡ് നേടിയ അതുല്യ പ്രതിഭയായിരുന്നു സാക്കിര്‍ ഹുസൈന്‍. മലയാളത്തില്‍ വാനപ്രസ്ഥം അടക്കമുള്ള ഏതാനും സിനിമകള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട്. പ്രശസ്ത കഥക് നര്‍ത്തകി അന്റോണിയ മിനെക്കോളയാണ് ഭാര്യ. അനിസ ഖുറേഷി, ഇസബെല്ല ഖുറേഷി എന്നിവര്‍ മക്കളാണ്.

Related News

Comments

No comments yet. Be the first to comment!

Leave a Comment