കേപ്ടൗൺ: സഞ്ജു സാംസന്റെയും തിലക് വർമ്മയുടെയും സെഞ്ച്വറി കരുത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ട്വന്‍റി20യിൽ ഇന്ത്യക്ക് 135 റൺസിന്‍റെ വമ്പൻ ജയം. നാലമത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി.
ഇന്ത്യ കുറിച്ച 284 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് 148 റൺസിൽ അവസാനിച്ചു. സ്കോർ -ഇന്ത്യ 20 ഓവറിൽ ഒരു വിക്കറ്റിന് 283. ദക്ഷിണാഫ്രിക്ക -18.2 ഓവറിൽ 148 റൺസിന് ഓൾ ഔട്ട്.
ബാറ്റിങ്ങിലെയും ബൗളിങ്ങിലെയും ഓൾ റൗണ്ട് പ്രകടനമാണ് ഇന്ത്യക്ക് പരമ്പര സമ്മാനിച്ചത്. 2.5 ഓവറിൽ പത്തു റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടമായത്.
നാലാം വിക്കറ്റിൽ ട്രിസ്റ്റൻ സ്റ്റബ്സും ഡേവിഡ് മില്ലറും ചേർന്നെടുത്ത 86 റൺസിന്റെ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ വലിയ തോൽവിയിൽനിന്ന് കരകയറ്റിയത്. ഇന്ത്യക്കായി അർഷ്ദീപ് മൂന്നു വിക്കറ്റ് നേടി. വരുൺ ചക്രവർത്തിയും അക്സർ പട്ടേലും രണ്ടു വീതം വിക്കറ്റുകൾ വീഴ്ത്തി.
51 പന്തിൽ എട്ടു സിക്സും ആറു ഫോറുമടക്കമായിരുന്നു പരമ്പരയിലെ സഞ്ജുവിന്റെ സെഞ്ച്വറി നേട്ടം. മറുവശത്ത് 41 പന്തിലാണ് തിലക് നൂറിലെത്തിയത്. താരത്തിന്‍റെ തുടർച്ചയായ രണ്ടാം സെഞ്ച്വറിയുമാണിത്. രണ്ടാം വിക്കറ്റിൽ ഇരുവരും 210 റൺസാണ് ഇന്ത്യക്കായി അടിച്ചുകൂട്ടിയത്. 18 പന്തിൽ 36 റൺസെടുത്ത അഭിഷേക് ശർമയുടെ വിക്കറ്റ് ഇന്ത്യക്ക് നേരത്തെ നഷ്ടമായിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment