തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിലെ തര്‍ക്കങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ച് മന്ത്രി എ.പി. അനില്‍കുമാറിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം. വി.ഡി. സതീശനെ അനുകൂലിക്കുന്ന സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നാണ് അധിക്ഷേപ പോസ്റ്റുകളും കമന്റുകളും വ്യാപകമായി പ്രചരിക്കുന്നത്.
ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലെ തര്‍ക്കങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായതിന് പിന്നാലെയാണ് സൈബര്‍ ഇടത്തില്‍ പോര് മുറുകിയത്. മന്ത്രിസഭയിലെ രഹസ്യങ്ങള്‍ ചോര്‍ത്തിയതാര്? എന്ന ചോദ്യവുമായി വി.ഡി.എസ് ബ്രിഗേഡ് എന്ന പേജില്‍ ഒരു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് താഴെയാണ് എ.പി. അനില്‍കുമാറിനെ ലക്ഷ്യം വെച്ചുള്ള അധിക്ഷേപ കമന്റുകള്‍ നിറഞ്ഞത്. പിന്നാലെ മറ്റ് ചില അനുകൂല പേജുകളിലും സമാനമായ രീതിയിലുള്ള ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വി.ഡി. സതീശന്‍ അനുകൂല പേജുകളില്‍ കെ.സി. വേണുഗോപാല്‍ പക്ഷത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞുമുള്ള വിമര്‍ശനങ്ങള്‍ ശക്തമാണ്. കെ.സി. പക്ഷത്തെ ഒറ്റുകാര്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഇത്തരം പേജുകളില്‍ പല കമന്റുകളും വരുന്നത്. കെ.സി. വിഭാഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുതിര്‍ന്ന നേതാക്കളിലൊരാളാണ് മന്ത്രി എ.പി. അനില്‍കുമാര്‍.
മുന്നണിക്കുള്ളിലെയും മന്ത്രിസഭയിലെയും അഭിപ്രായ ഭിന്നതകള്‍ പരസ്യമാകുന്നതിനൊപ്പം, നേതാക്കളുടെ അണികള്‍ സൈബര്‍ ഇടത്തില്‍ പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നതിന്റെ വ്യക്തമായ സൂചനയായാണ് ഈ പോസ്റ്റുകള്‍ വിലയിരുത്തപ്പെടുന്നത്.


Comments
No comments yet. Be the first to comment!
Leave a Comment