19/11/2026
Kerala News

മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ്: മത- രാഷ്ട്രീയ അജണ്ട കണ്ടെത്താനായില്ല, ന്യായീകരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്

മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ്: മത- രാഷ്ട്രീയ അജണ്ട കണ്ടെത്താനായില്ല, ന്യായീകരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ സംഘപരിവാര്‍ അനുകൂല അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്തിന് മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്താന്‍ അനുമതി നല്‍കിയ നടപടിയെ ന്യായീകരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്. പരീക്ഷാ നടത്തിപ്പിന് പിന്നില്‍ മത-രാഷ്ട്രീയ അജണ്ടകളൊന്നും കണ്ടെത്താനായില്ലെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ബോധപൂര്‍വമായ വീഴ്ചകളുണ്ടായിട്ടില്ലെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഇന്നലെയാണ് വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറിയത്.

വിവിധ സംഘടനകള്‍ക്ക് സമാനമായ രീതിയില്‍ സ്‌കൂളുകളില്‍ പരീക്ഷകള്‍ നടത്താന്‍ മുന്‍പും അനുമതി നല്‍കാറുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. യുറേക്ക, അക്ഷരമുറ്റം, സി.എച്ച്. പ്രതിഭ ക്വിസ് എന്നിവയ്ക്ക് വകുപ്പ് അംഗീകാരം നല്‍കിയിട്ടുള്ള കാര്യവും ഡയറക്ടര്‍ റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. ഈ സാഹചര്യത്തില്‍, പരീക്ഷയ്ക്ക് അനുമതി നല്‍കിയ ജോയിന്റ് ഡയറക്ടര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് സൂചന.

അതേസമയം, മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് പരീക്ഷ റദ്ദാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ ദേശീയ അധ്യാപക പരിഷത്ത് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. പരീക്ഷ റദ്ദാക്കുന്നതിന് മുന്‍പ് തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് സംഘടന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. 15-ഓളം ഇതര സംഘടനകള്‍ക്ക് സ്‌കൂളുകളില്‍ പരീക്ഷ നടത്താന്‍ അനുമതി നല്‍കിയപ്പോള്‍ തങ്ങളുടെ സംഘടനയോട് മാത്രം വിവേചനം കാണിക്കുകയാണെന്നാണ് പ്രധാന ആരോപണം.

പരീക്ഷാ നടത്തിപ്പിനുള്ള എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചിട്ടും അനുമതി പിന്‍വലിച്ചത് ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു. പരീക്ഷയ്ക്കായി തയ്യാറെടുത്ത വിദ്യാര്‍ഥികളെ അത് പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ പ്രതിസന്ധിയിലാക്കിയതായും സംഘടന ആരോപിക്കുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement