12/11/2026
Kerala News

സതീശന്‍ പറഞ്ഞ വാക്കിന് വിലയില്ലാത്ത മുഖ്യമന്ത്രി: ബിജെപി

സതീശന്‍ പറഞ്ഞ വാക്കിന് വിലയില്ലാത്ത മുഖ്യമന്ത്രി:  ബിജെപി

തിരുവനന്തപുരം: റാങ്ക് ഹോള്‍ഡര്‍മാരുടെ സമരം 129-ാം ദിവസത്തിലേക്ക് കടന്നിട്ടും പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കൊപ്പം ബിജെപി ഉണ്ടാകുമെന്നും, സമരപ്പന്തല്‍ പൊളിച്ചതുകൊണ്ട് സമരം അവസാനിക്കുമെന്ന് സര്‍ക്കാര്‍ കരുതരുതെന്നും അദ്ദേഹം പറഞ്ഞു. സമരം അടിച്ചമര്‍ത്തുകയല്ല, മറിച്ച് മുഖ്യമന്ത്രി ഉദ്യോഗാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയാണ് വേണ്ടതെന്ന് രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് ആശാവര്‍ക്കര്‍മാര്‍ക്കൊപ്പം നിന്ന വി.ഡി. സതീശന്‍, ഇപ്പോള്‍ മുഖ്യമന്ത്രിയായപ്പോള്‍ എന്തുകൊണ്ട് സമരക്കാര്‍ക്കൊപ്പം നില്‍ക്കുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. പുതുയുഗ കേരളം എന്ന് അവകാശപ്പെട്ടാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെങ്കിലും, ഉദ്യോഗാര്‍ത്ഥികളുടെ കാര്യത്തില്‍ അത്തരം നടപടികളൊന്നും ഉണ്ടാകുന്നില്ല. പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്ന് സര്‍ക്കാരിനോട് വിനീതമായി അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ അധികാരത്തിലെത്തിയതോടെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ മറന്നുവെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. സമരപ്പന്തലിലെത്തി ഉദ്യോഗാര്‍ത്ഥികളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്ന് സതീശന്‍ പലതവണ ഉറപ്പുനല്‍കിയിരുന്നുവെന്നും, എന്നാല്‍ കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വീകരിച്ച അതേ നിലപാടാണ് പുതിയ സര്‍ക്കാരും പിന്തുടരുന്നതെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.

സര്‍ക്കാരിന്റെ അവഗണനയില്‍ മനംനൊന്ത് ഉദ്യോഗാര്‍ത്ഥിയായ വളര്‍മതി തല മുണ്ഡനം ചെയ്തപ്പോള്‍ ഹൃദയം തകര്‍ന്നുവെന്ന് പറഞ്ഞ നേതാവാണ് ഇപ്പോള്‍ സമരപ്പന്തല്‍ പൊളിക്കാന്‍ പോലീസിനെ ഉപയോഗിക്കുന്നതെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. നിരാഹാര സമരപ്പന്തല്‍ പൊളിക്കാന്‍ കഴിഞ്ഞ രാത്രിയില്‍ പോലീസ് നടത്തിയ ശ്രമം മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement