12/11/2026
Kerala News

പ്രഥമ ബിച്ചു തിരുമല പുരസ്‌കാരം പ്രശസ്ത നടന്‍ പത്മശ്രീ മധുവിന്

 പ്രഥമ ബിച്ചു തിരുമല പുരസ്‌കാരം പ്രശസ്ത നടന്‍ പത്മശ്രീ മധുവിന്

തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമലയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പ്രഥമ ബിച്ചു തിരുമല പുരസ്‌കാരം മുതിര്‍ന്ന ചലച്ചിത്ര നടന്‍ പത്മശ്രീ മധുവിന് സമ്മാനിക്കും. ഡോ. ജോര്‍ജ് ഓണക്കൂര്‍, ബാലു കിരിയത്ത്, ഡോ. എം.ആര്‍. തമ്പാന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. 1,00,001 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പ്പന ചെയ്ത ശില്പവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം.

ബിച്ചു തിരുമലയുടെ അഞ്ചാം ചരമവാര്‍ഷിക ദിനമായ നവംബര്‍ 26-ന് തിരുവനന്തപുരം സെനറ്റ് ഹാളില്‍ വെച്ചാണ് പുരസ്‌കാര സമര്‍പ്പണം നടക്കുക. സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ ദേശീയ ബാലതരംഗം സംഘടിപ്പിക്കുന്ന രാകേന്ദു കിരണങ്ങള്‍ എന്ന സ്മൃതി സായാഹ്ന പരിപാടി മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ. മുരളീധരന്‍, പി.സി. വിഷ്ണുനാഥ്, സി.പി. ജോണ്‍ തുടങ്ങി സാമൂഹിക, സാംസ്‌കാരിക, ചലച്ചിത്ര മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

അനുസ്മരണ സമ്മേളനത്തിന് ശേഷം ബിച്ചു തിരുമലയുടെ ജനപ്രിയ ഗാനങ്ങള്‍ കോര്‍ത്തിണക്കി റിഗാറ്റ ഗിരിജാ ടീച്ചര്‍ നേതൃത്വം നല്‍ക്കുന്ന നൃത്താവിഷ്‌കാരവും പ്രമുഖ പിന്നണി ഗായകര്‍ നയിക്കുന്ന ഗാനാഞ്ജലിയും അരങ്ങേറും. മധു ബാലകൃഷ്ണന്‍, കൃഷ്ണചന്ദ്രന്‍, കല്ലറ ഗോപന്‍, രാകേഷ് ബ്രഹ്‌മാനന്ദന്‍, പന്തളം ബാലന്‍, അഖില ആനന്ദ്, പ്രീത, ലക്ഷ്മി രംഗന്‍, അപര്‍ണ്ണ രാജീവ്, വൃന്ദ മേനോന്‍, അല്‍ക്ക അഷ്‌കര്‍ എന്നിവരാണ് ഗാനാഞ്ജലിയില്‍ അണിനിരക്കുന്നത്. കെ. മുരളീധരന്‍ ചെയര്‍മാനായും അഡ്വ. ടി. ശരത്ചന്ദ്രപ്രസാദ് ജനറല്‍ കണ്‍വീനറായും ടി.എസ്. സുരേഷ് ബാബു പ്രോഗ്രാം ഡയറക്ടറായുമുള്ള സ്വാഗതസംഘമാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.

നാനൂറിലധികം ചലച്ചിത്രങ്ങള്‍ക്കായി അയ്യായിരത്തിലേറെ ഗാനങ്ങള്‍ രചിച്ച ബിച്ചു തിരുമല, അക്കല്‍ദാമ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തെത്തിയത്. എ.ടി. ഉമ്മറിന്റെ സംഗീതത്തില്‍ ബ്രഹ്‌മാനന്ദന്‍ ആലപിച്ച നീലാകാശവും മേഘങ്ങളും... എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ അദ്ദേഹം സത്യം എന്ന സിനിമയ്ക്ക് സംഗീത സംവിധാനവും ശക്തി, ഇഷ്ടപ്രാണേശ്വരി എന്നീ ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയും നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥിയായിരിക്കെ വല്ലാത്ത ദുനിയാവ് എന്ന നാടകത്തിലെ ഗാനരചനയ്ക്കും സംവിധാനത്തിനും കേന്ദ്ര സര്‍ക്കാര്‍ അവാര്‍ഡ് നേടിയ അദ്ദേഹം നിരവധി നാടകഗാനങ്ങള്‍, ആകാശവാണി ലളിതഗാനങ്ങള്‍, പുണ്യാഹം, അനുസരണയില്ലാത്ത മനസ്, കാലത്തിന്റെ കണക്കുപുസ്തകം തുടങ്ങിയ കവിതാ സമാഹാരങ്ങളും മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.




Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement