06/11/2026
Kerala News

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം; തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി എസി ബസ് സര്‍വീസ്

 ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം; തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി എസി ബസ് സര്‍വീസ്


തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ശബരിമല ഭക്തരുടെ യാത്രാസൗകര്യം വര്‍ധിപ്പിക്കാന്‍ തിരുവനന്തപുരം, നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി എസി ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നു. വിമാനമാര്‍ഗം എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുകയാണ് ലക്ഷ്യം.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രാത്രി 9.30നാണ് പമ്പയിലേക്കുള്ള ബസ് പുറപ്പെടുക. പമ്പയില്‍ നിന്ന് വൈകിട്ട് ഏഴിന് തിരികെ പുറപ്പെട്ട് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് രാത്രി 8.30ന് പമ്പയിലേക്ക് സര്‍വീസ് ആരംഭിക്കും. പമ്പയില്‍ നിന്ന് വൈകിട്ട് ഏഴിന് പുറപ്പെടുന്ന ബസ് തിരികെ വിമാനത്താവളത്തിലെത്തും. വിവിധ വിമാനങ്ങളില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാനും വിരിവയ്ക്കാനുമുള്ള പ്രത്യേക സൗകര്യങ്ങളും ഇരു വിമാനത്താവളങ്ങളിലും ഒരുക്കും.

കെഎസ്ആര്‍ടിസിയുടെ ബുക്കിങ് വെബ്‌സൈറ്റിന് പുറമെ വിമാന ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റുകള്‍ വഴിയും ബസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തും. ഗ്രൂപ്പുകളായി എത്തുന്നവര്‍ക്ക് ചാര്‍ട്ടേഡ് ബസുകള്‍ ബുക്ക് ചെയ്യാനും സംവിധാനമുണ്ടാകും. വിമാന ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റുകളില്‍ കെഎസ്ആര്‍ടിസി ബസ് ടിക്കറ്റ് ബുക്കിങ്ങിനുള്ള ലിങ്കും ലഭ്യമാക്കും.

ഇരു വിമാനത്താവളങ്ങളിലെയും വിമാനങ്ങളുടെ സമയവിവരങ്ങള്‍ തത്സമയം പമ്പ ബസ് സ്റ്റേഷനില്‍ പ്രദര്‍ശിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ വിമാനമാര്‍ഗം എത്തുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് യാത്ര കൂടുതല്‍ എളുപ്പമാക്കാനാകുമെന്നാണ് പ്രതീക്ഷ.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement