ന്യൂഡല്‍ഹി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സസ്പെന്ഷന് വിഷയത്തില്‍ ഇടപെടാതെ സുപ്രീംകോടതി. വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സിംഗിള്‍ ബെഞ്ചിന് നിര്‍ദേശം നല്കി. ഹര്‍ജിയില്‍ വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ വിധിയുണ്ടായാല്‍ പ്രത്യേക പരീക്ഷ നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.
വിദ്യാര്‍ഥികളുടെ ഹാജര്‍ നില പരിശോധിക്കണമെന്നായിരുന്നു സര്‍വകലാശാല സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് പോലുമില്ലാതെ 64 ദിവസത്തോളം തങ്ങളെ സസ്പെന്‍ഷനില്‍ നിര്‍ത്തിയെന്നാണ് വിദ്യാര്‍ഥികളുടെ വാദം. സസ്പെന്ഷന് കാലയളവാണ് ഹാജര്‍ കുറയാന്‍ കാരണമായതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തെറ്റായി വ്യാഖ്യാനിച്ചാണ് അച്ചടക്കനടപടി സ്വീകരിച്ചതെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. അതേസമയം, സര്‍വകലാശാലയില്‍ പാലിക്കേണ്ട അച്ചടക്കമുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
നേരത്തെ, വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അനുമതി നല്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് റദ്ദാക്കിയിരുന്നു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതോടെയാണ് വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.


Comments
No comments yet. Be the first to comment!
Leave a Comment