ന്യൂഡല്‍ഹി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ സസ്പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കില്ല. ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ് മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി നാളെ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന വാദങ്ങളില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ വീണ്ടും പരീക്ഷ നടത്താന്‍ നിര്‍ദേശിക്കാമെന്നും സുപ്രീംകോടതി വാക്കാല്‍ നിരീക്ഷിച്ചു. വിദ്യാര്‍ഥികളുടെ ഭാഗം വിശദമായി കേട്ട ശേഷമായിരിക്കും കോടതി ഉത്തരവ് പുറപ്പെടുവിക്കുക. ഇന്ന് രാവിലെ ചീഫ് ജസ്റ്റിസിന്റെ മൂന്നംഗ ബെഞ്ചിന് മുന്‍പാകെയാണ് വിദ്യാര്‍ഥികളുടെ ഹര്‍ജി പരാമര്‍ശിച്ചത്.
സസ്പെന്ഷന് കാലയളവാണ് ഹാജര്‍നില കുറയാന്‍ കാരണമായതെന്നും അതിന്റെ പേരില്‍ പരീക്ഷ എഴുതാനുള്ള അവസരം നിഷേധിക്കുന്നത് നീതിയല്ലെന്നുമാണ് വിദ്യാര്‍ഥികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. നാളത്തെ വാദം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികള്‍ സമരം തുടരുന്നത്.


Comments
No comments yet. Be the first to comment!
Leave a Comment