ബെംഗളൂരു: ബെംഗളൂരുവില്‍ കുടുംബപ്രശ്നങ്ങളെ തുടര്‍ന്നുണ്ടായ തര്‍ക്കം കൂട്ടക്കൊലയില്‍ കലാശിച്ചു. ഭാര്യയെയും ഭാര്യയുടെ മാതാവിനെയും ഉള്‍പ്പെടെ ഏഴ് ബന്ധുക്കളെ കൊലപ്പെടുത്തിയ കേസില്‍ ടാക്സി ഡ്രൈവര്‍ ഇന്ദുശേഖറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദാമ്പത്യപ്രശ്നങ്ങളില്‍ ഭാര്യയുടെ ബന്ധുക്കള്‍ ഇടപെട്ടതാണ് കൊലപാതകങ്ങള്‍ക്ക് കാരണമെന്നാണ് പ്രതിയുടെ മൊഴി.
രാജാജി നഗറില്‍ സ്ഥിരതാമസക്കാരനായ ഇന്ദുശേഖറിന്റെ ഭാര്യ സുനിത, ഭാര്യാമാതാവ് രൂപവതി, സുനിതയുടെ സഹോദരങ്ങളായ ശിവകുമാര്‍, ശങ്കര്‍, ഇവരുടെ ഭാര്യമാരായ ദിവ്യ, നളിനി, ഏഴ് വയസുകാരന് പുനീത് എന്നിവരാണ് കൊല്ലപ്പെട്ടത്.
മുപ്പത് വര്‍ഷം മുമ്പായിരുന്നു സുനിതയും ഇന്ദുശേഖറും വിവാഹിതരായത്. ഇരുവരും തമ്മില്‍ നിരന്തരം കുടുംബപ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. ഇതില്‍ ഭാര്യയുടെ വീട്ടുകാര്‍ ഇടപെട്ടതോടെ ഇവരോട് പ്രതിക്ക് പകയുണ്ടായെന്നാണ് പൊലീസിന് നല്കിയ മൊഴി.
ആദ്യം ആട്ടുകല്ലിന്റെ കുഴ ഉപയോഗിച്ച് തലയ്ക്കടിച്ചാണ് സുനിതയെ കൊലപ്പെടുത്തിയത്. പിന്നീട് ഭാര്യയുടെ ബന്ധുക്കളെ ഓരോരുത്തരെയായി വീട്ടിലേക്ക് വിളിച്ചുവരുത്തി സമാനമായ രീതിയില്‍ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹഭാഗങ്ങള്‍ സ്വന്തം ടാക്സിയില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിച്ചെന്നാണ് പ്രതിയുടെ മൊഴി.
നളിനിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പരാതി നല്‍കിയതോടെയാണ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനിടെ ഇന്ദുശേഖറിന്റെ മൊഴികളില്‍ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നത്.
കൊല്ലപ്പെട്ട ഏഴ് വയസുകാരന് പുനീതിന്റെ മൃതദേഹം നന്ദി ഹില്‍സില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ക്കായി വിവിധ സ്ഥലങ്ങളില്‍ പൊലീസ് തിരച്ചില്‍ തുടരുകയാണ്. കൂട്ടക്കൊല നടത്താന്‍ പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.


Comments
No comments yet. Be the first to comment!
Leave a Comment