തിരുവനന്തപുരം: ആലപ്പുഴയിലെ നവകേരള യാത്രയ്ക്കിടെയുണ്ടായ രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ സസ്പെന്‍ഷനിലായ എഡിജിപി എം.ആര്. അജിത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. ഡിജിപി യോഗേഷ് ഗുപ്തയ്ക്കാണ് അന്വേഷണത്തിന്റെ പ്രധാന ചുമതല നല്‍കിയിരിക്കുന്നത്. അതേസമയം, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സസ്പെന്ഷന് പിന്‍വലിച്ച് സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് എം.ആര്. അജിത് കുമാര്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അപേക്ഷ സമര്‍പ്പിച്ചു. കഴിഞ്ഞ ജൂലൈ മാസത്തിലാണ് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അജിത് കുമാറിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ആലപ്പുഴ സംഭവത്തില്‍ പുനരന്വേഷണം പ്രഖ്യാപിക്കുകയും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയുമായിരുന്നു. തുടര്‍ന്ന് സസ്പെന്ഷന് കാലാവധി 120 ദിവസം പിന്നിട്ടതോടെ ഒക്ടോബറില്‍ സസ്പെന്ഷന് വീണ്ടും നീട്ടുകയായിരുന്നു.
കേസിന്റെ പശ്ചാത്തലം:
പിണറായി വിജയന് മുഖ്യമന്ത്രിയായിരിക്കെ നടന്ന നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ഗ്രേഡ് എസ്.ഐമാരും മര്‍ദ്ദിച്ചതാണ് വിഷയം. അന്ന് ഈ സംഭവത്തെ മുഖ്യമന്ത്രി രക്ഷാപ്രവര്‍ത്തനം എന്ന് വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു.
ഈ കേസ് അന്വേഷിച്ച ആദ്യ ഉദ്യോഗസ്ഥരെ എഡിജിപിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസ് ഡയറിയില്‍ തിരുത്തലുകള്‍ വരുത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തല്‍. എഡിജിപിയുടെ പൂര്‍ണ്ണ അറിവോടെ ഗ്രേഡ് എസ്.ഐമാരായ ഗിരീഷും ശ്രീകാന്തും ചേര്‍ന്ന് രേഖകളില്‍ കൃത്രിമം കാണിക്കുകയും അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് എസ്.ഐ.ടിക്ക് മൊഴി ലഭിച്ചിരുന്നു.
എസ്.ഐ.ടി സമര്‍പ്പിച്ച റിപ്പോര്ട്ടിന്മേല് തുടര്‍നടപടികള്‍ വൈകിയതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ആഭ്യന്തര വകുപ്പ് ഇടപെട്ടത്. ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും നിയമോപദേശം തേടുകയും ചെയ്ത ശേഷമാണ് അജിത് കുമാറിനെതിരെ നടപടിയെടുത്തത്. ഡിജിപി യോഗേഷ് ഗുപ്ത നടത്തുന്ന വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാറിന്റെ സര്‍വീസ് ഭാവിയില്‍ അതീവ നിര്‍ണായകമാകും.


Comments
No comments yet. Be the first to comment!
Leave a Comment