തിരുവനന്തപുരം: പാങ്ങാപ്പാറ അഭിറാമിന്റെ കൊലപാതകത്തില്‍ അന്വേഷണം വഴിതെറ്റിക്കാന്‍ പ്രതികള്‍ ആസൂത്രിത നീക്കം നടത്തിയതായി പൊലീസ്. കൊലപാതകം നടന്ന സമയത്ത് ടവര്‍ ലൊക്കേഷന്‍ തെളിവാകാതിരിക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതിന്റെ ഭാഗമായി പ്രതിയായ ഉമര്‍ മൊബൈല്‍ ഫോണ്‍ വീട്ടില്‍ ഉപേക്ഷിച്ചാണ് പുറത്തുപോയത്. സംഭവസമയത്ത് ഉമര്‍ വീട്ടിലുണ്ടായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു നീക്കം. കൊലപാതകം നടത്തി മടങ്ങിയെത്തുന്നതുവരെ ഫോണില്‍ തുടര്‍ച്ചയായി ഇടപെടലുകള്‍ നടത്തിയതായും പൊലീസ് പറയുന്നു.
ഉമറിന്റെ കാമുകി ഐശ്വര്യയ്ക്കും കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് യുവതിയുടെ പങ്കും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
അതേസമയം, കൊല്ലപ്പെട്ട അഭിറാമിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍നിന്ന് അപ്രത്യക്ഷമായ ചാറ്റുകള്‍ വീണ്ടെടുക്കാനുള്ള ശ്രമം സൈബര്‍ സെല്‍ തുടരുകയാണ്. ചാറ്റുകള്‍ എങ്ങനെയാണ് ഡിലീറ്റ് ചെയ്തതെന്നും ആരാണ് ഇതിന് പിന്നിലെന്നും പരിശോധിക്കും. അഭിറാം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് മറ്റൊരു പെണ്‍സുഹൃത്തുമായി പങ്കുവെച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഈ പെണ്‍കുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. അഭിറാമിന്റെ ഫോണില്‍നിന്ന് നിരവധി ചാറ്റുകള്‍ അപ്രത്യക്ഷമായതായി നേരത്തെ സൈബര്‍ സെല്‍ കണ്ടെത്തിയിരുന്നു.
അതിനിടെ, മൊബൈല്‍ ഫോണ്‍ തോട്ടിലേക്ക് വലിച്ചെറിഞ്ഞെന്ന പ്രതികളുടെ മൊഴി പൊലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. സ്കൂബാ സംഘത്തെ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക തെളിവുകള്‍ വീണ്ടെടുക്കുന്നതിനായി പ്രദേശത്ത് കൂടുതല്‍ പൊലീസുകാരെ വിന്യസിച്ച് തിരച്ചില്‍ ശക്തമാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.


Comments
No comments yet. Be the first to comment!
Leave a Comment