06/11/2026
India News

സോഷ്യല്‍ മീഡിയക്ക് കടിഞ്ഞാണിടാന്‍ കേന്ദ്ര നീക്കം: IT നിയമത്തില്‍ മാറ്റം കൊണ്ടുവരാന്‍ ആലോചന

സോഷ്യല്‍ മീഡിയക്ക് കടിഞ്ഞാണിടാന്‍ കേന്ദ്ര നീക്കം: IT നിയമത്തില്‍ മാറ്റം കൊണ്ടുവരാന്‍ ആലോചന

ഡല്‍ഹി: സമൂഹ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടുന്നതിനായി ഐടി നിയമത്തില്‍ സമഗ്രമായ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഐടി ആക്ടിലെ 79-ാം വകുപ്പ് മാറ്റിയെഴുതുന്നതാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. ഇതുവഴി, ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങളുടെ പേരില്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് ലഭിച്ചിരുന്ന നിയമപരമായ സംരക്ഷണം (Safe Harbour Provision) ഇല്ലാതായേക്കും. ഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ വിവാദപരമോ നിയമവിരുദ്ധമോ ആയ ഉള്ളടക്കങ്ങളില്‍ എക്സ് (ട്വിറ്റര്‍), യൂട്യൂബ്, മെറ്റ (ഫേസ്ബുക്ക്/ഇന്‍സ്റ്റാഗ്രാം) തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ സര്‍ക്കാരിന് നേരിട്ട് നിയമനടപടി സ്വീകരിക്കാന്‍ സാധിക്കും.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വെറുമൊരു കണ്ടന്റ് കാരിയര്‍മാര്‍ മാത്രമല്ലെന്ന നിലപാടിലാണ് കേന്ദ്ര മന്ത്രാലയം. നിര്‍ണായകമായ അല്‍ഗോരിതങ്ങള്‍ വഴി ഉപയോക്താക്കള്‍ ഏതൊക്കെ ഉള്ളടക്കം കാണണമെന്ന് തീരുമാനിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും കമ്പനികള്‍ക്ക് വലിയ പങ്കുണ്ട്. അതിനാല്‍ ഇത്തരം പ്ലാറ്റ്ഫോമുകള്‍ക്ക് നല്‍കിവരുന്ന നിയമ പരിരക്ഷ പിന്‍വലിക്കണമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. പകരം, വിവരങ്ങള്‍ കൈമാറാന്‍ മാത്രം സഹായിക്കുന്ന ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ (ISPs), ടെലികോം കമ്പനികള്‍ (TSPs), മെസേജിംഗ് പ്ലാറ്റ്ഫോമുകള്‍ എന്നിവയിലേക്ക് മാത്രമായി ഈ സംരക്ഷണം പരിമിതപ്പെടുത്താനാണ് സര്‍ക്കാര്‍ തയാറെടുക്കുന്നത്. നിലവില്‍ കേന്ദ്രം നോട്ടീസ് നല്‍കുമ്പോള്‍ മാത്രം പോസ്റ്റുകള്‍ പിന്‍വലിക്കുന്ന രീതിക്കാണ് ഇതിലൂടെ മാറ്റം വരിക.

കഴിഞ്ഞ ഏതാനും മാസങ്ങളായി സര്‍ക്കാരും പ്രമുഖ സോഷ്യല്‍ മീഡിയ കമ്പനികളും തമ്മിലുള്ള ഭിന്നത രൂക്ഷമായി നിലനില്‍ക്കുകയാണ്. രാജ്യത്ത് നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച വീഡിയോ ഫേസ്ബുക്ക് ഇന്ത്യയില്‍ താല്‍ക്കാലികമായി തടഞ്ഞുവെച്ചത് വലിയ വിവാദമായിരുന്നു. തുടര്‍ന്ന് ജൂലൈയില്‍ ഐടി മന്ത്രാലയം മെറ്റയുടെ ആഗോള നയവിഭാഗം ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ചുവരുത്തി അമര്‍ഷം അറിയിച്ചിരുന്നു. ഇതിനുശേഷമാണ് സമൂഹ മാധ്യമങ്ങളുടെ പ്രവര്‍ത്തനം കര്‍ശനമായി നിയന്ത്രിക്കാനുള്ള നടപടികളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement