02/11/2026
Kerala News

അടൂര്‍ പൊലീസ് സ്റ്റേഷനിലെ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയെ പ്രതിചേര്‍ത്തേക്കും

 അടൂര്‍ പൊലീസ് സ്റ്റേഷനിലെ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയെ പ്രതിചേര്‍ത്തേക്കും

പത്തനംതിട്ട: അടൂര്‍ പൊലീസ് സ്റ്റേഷനിലെ യൂത്ത് കോണ്‍ഗ്രസ് അതിക്രമത്തില്‍ കൂടുതല്‍ നടപടികള്‍ക്ക് ഒരുങ്ങി പൊലീസ്. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, ഫെന്നി നൈനാന്‍ എന്നിവരെ കേസില്‍ പ്രതിചേര്‍ത്തേക്കുമെന്നാണ് ലഭിക്കുന്ന വിവരം. യുട്യൂബര്‍ രാജന്‍ ജോസഫിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിക്കുന്നതും ശ്രീനാദേവി കുഞ്ഞമ്മ സ്റ്റേഷനകത്ത് കയറി ഭീഷണിപ്പെടുത്തുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അടൂര്‍ ഡിവൈഎസ്പിക്കാണ് നിലവില്‍ അന്വേഷണ ചുമതല.

അടൂര്‍ പൊലീസ് സ്റ്റേഷനിലെ ജനപ്രതിനിധികളുടെ അതിക്രമം അതീവ ഗൗരവമുള്ള വിഷയമാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ പ്രതികരിച്ചു. സംഭവത്തില്‍ പത്തനംതിട്ട എസ്പിയോട് ഡിജിപി അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ജനപ്രതിനിധികള്‍ സ്റ്റേഷനില്‍ വരുന്നത് സ്വാഭാവികമാണെങ്കിലും അടൂരില്‍ അതിനപ്പുറം എന്തെങ്കിലും അതിക്രമം നടന്നിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്നും ഗൗരവമായി അന്വേഷിക്കുമെന്ന് ഡിജിപി വ്യക്തമാക്കി. കൂടാതെ, വിഷയം ഗൗരവമായി പരിശോധിക്കുമെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും കര്‍ശന നടപടികള്‍ സ്വീകരിക്കുകയെന്നും ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയനും കൂട്ടിച്ചേര്‍ത്തു.

അതേസമയം, അക്രമത്തില്‍ ഒരു പൊലീസുകാരന്റെ മൂക്കിന്റെ പാലം തകരുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടും കേസ് ദുര്‍ബലമാക്കാന്‍ ശ്രമിച്ചതിലും ശക്തമായ നടപടി സ്വീകരിക്കാത്തതിലും പൊലീസ് സേനയ്ക്കുള്ളില്‍ കടുത്ത അതൃപ്തിയുണ്ട്. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടും എന്തുകൊണ്ട് ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി കേസ് പൂഴ്ത്തിവെക്കാന്‍ ശ്രമിച്ചുവെന്ന് കേരള പൊലീസ് അസോസിയേഷനില്‍ രൂക്ഷമായ വിമര്‍ശനമുയര്‍ന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement