02/11/2026
Kerala News

അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമം: വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പൊലീസ്

അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമം: വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പൊലീസ്

പത്തനംതിട്ട: അടൂര്‍ പൊലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തില്‍ നടന്ന അതിക്രമത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വിശദീകരണം. പ്രതിയെ ബാധിക്കുന്ന രീതിയിലുള്ള പ്രതിഷേധം ഉണ്ടായിട്ടില്ലെന്നാണ് ജില്ലാ പൊലീസ് മേധാവിയ്ക്ക് പൊലീസുകാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം, അടൂര്‍ പൊലീസ് സ്റ്റേഷനിലെ അതിക്രമവുമായി ബന്ധപ്പെട്ട് ശ്രീനാദേവി കുഞ്ഞമ്മ, ഫെന്നി നൈനാന്‍ എന്നിവരുള്‍പ്പെടെ 20 പേരെ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് ശക്തമാക്കിയിട്ടുണ്ട്. ഡിജിപിയുടെ നിര്‍ദേശപ്രകാരം കര്‍ശന നടപടിയുമായി മുന്നോട്ടുപോകാനാണ് പൊലീസിന്റെ തീരുമാനം. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തരാണ് കേസിലെ പ്രതികള്‍. സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട എസ് പിയില്‍ നിന്ന് ഡിജിപി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

യൂട്യൂബറായ രാജന്‍ ജോസഫ് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ അപകീര്‍ത്തികരമായ വീഡിയോ ചെയ്തതിനെ തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 11-ന് രാജന്‍ ജോസഫിനെ അടൂര്‍ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന സമയത്താണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ അതിക്രമം നടത്തിയത്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷിബു ഉണ്ണിത്താനെതിരെയും കണ്ടാലറിയാവുന്ന 20-ഓളം പേര്‍ക്കെതിരെയും അടൂര്‍ പൊലീസ് കേസെടുത്തിരുന്നു. ഷിബു ഉണ്ണിത്താന്‍ മുന്‍കൂര്‍ ജാമ്യം നേടിയെങ്കിലും മറ്റ് പ്രതികള്‍ക്കെതിരെ നടപടിയുണ്ടായിരുന്നില്ല. എന്നാല്‍, പൊലീസ് സ്റ്റേഷനിലെ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ശ്രീനാദേവി കുഞ്ഞമ്മയെയും ഫെനി നൈനാനെയും പ്രതിചേര്‍ക്കാന്‍ തീരുമാനിച്ചത്.

അതിനിടെ, യൂട്യൂബര്‍ രാജന്‍ ജോസഫ് പൊലീസ് സ്റ്റേഷനില്‍ വെച്ച് ആക്രമിക്കപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധം കടുപ്പിക്കാന്‍ സിപിഐഎം തീരുമാനിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നാണ് സിപിഐഎം വ്യക്തമാക്കിയിരിക്കുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement