01/11/2026
Kerala News

അടൂര്‍ പൊലീസ് സ്റ്റേഷന്‍ അക്രമം: ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കേസെടുത്തേക്കും; അന്വേഷണം ശക്തമാക്കി പൊലീസ്

 അടൂര്‍ പൊലീസ് സ്റ്റേഷന്‍ അക്രമം: ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കേസെടുത്തേക്കും; അന്വേഷണം ശക്തമാക്കി പൊലീസ്


പത്തനംതിട്ട: അടൂര്‍ പൊലീസ് സ്റ്റേഷനിലുണ്ടായ അക്രമസംഭവത്തില്‍ കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കേസെടുക്കാന്‍ നീക്കം. സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി. രണ്ട് സംഘങ്ങളായാണ് അന്വേഷണം പുരോഗമിക്കുന്നത്. അടൂര്‍ ഡിവൈഎസ്പിയോട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

സംഭവം നടന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. സ്റ്റേഷനിലെ സെല്ലിനുള്ളില്‍ കയറുകയോ പ്രതിയെ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ വിശദീകരണം. സെല്ലിന് പുറത്ത് നിന്ന് സുഖമാണോ ചേട്ടാ എന്ന് മാത്രമാണ് ചോദിച്ചതെന്നും അവര്‍ വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ യാഥാര്‍ഥ്യം വ്യക്തമായെന്നും അന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥലത്തുണ്ടായിരുന്നുവെന്ന തരത്തില്‍ പ്രചരിപ്പിച്ച വാര്‍ത്തകള്‍ തെറ്റാണെന്നും അവര്‍ ആരോപിച്ചു. സ്റ്റേഷനില്‍ അക്രമമൊന്നും നടന്നിട്ടില്ലെന്നും ശ്രീനാദേവി പറഞ്ഞു.

അതേസമയം, സ്ത്രീകളെ അധിക്ഷേപിക്കുന്ന യൂട്യൂബര്‍ രാജനെ പിന്തുണയ്ക്കുന്ന നിലയിലേക്ക് അടൂരിലെ സിപിഎം നേതാക്കള്‍ അധഃപതിച്ചെന്നും ശ്രീനാദേവി കുഞ്ഞമ്മ വിമര്‍ശിച്ചു.

സംഭവത്തില്‍ ഡിജിപി റാവഡ ചന്ദ്രശേഖറും പ്രതികരിച്ചു. അടൂര്‍ പൊലീസ് സ്റ്റേഷനില്‍ ജനപ്രതിനിധികളുടെ ഭാഗത്തുനിന്നുണ്ടായ അതിക്രമം ഗൗരവമുള്ള വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പത്തനംതിട്ട എസ്.പിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പൊലീസ് സ്റ്റേഷനില്‍ ജനപ്രതിനിധികള്‍ എത്തുന്നത് സ്വാഭാവികമാണെങ്കിലും അതിനപ്പുറം എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും വീഴ്ചകള്‍ ഗൗരവമായി അന്വേഷിക്കുമെന്നും ഡിജിപി വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement