കൊച്ചി: ചേരാനെല്ലൂര്‍ വാഹനാപകടക്കേസില്‍ പതിനേഴുകാരനായ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിഴവുകള്‍ തിരുത്തി പ്രോസിക്യൂഷന്‍ പുതിയ അപ്പീല്‍ ഫയല്‍ ചെയ്തു. മുന്‍പ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ പേരും വിവരങ്ങളും വെളിപ്പെടുത്തിയതിന് ഹൈക്കോടതി പ്രോസിക്യൂഷനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് പ്രതിയുടെ പേര് മാസ്‌ക് ചെയ്ത് എറണാകുളത്തെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള കോടതിയില്‍ പ്രോസിക്യൂഷന്‍ പുതിയ അപ്പീല്‍ നല്‍കിയത്.
അപകടസമയത്ത് പതിനേഴുകാരന്‍ 108 കിലോമീറ്റര്‍ അമിതവേഗതയിലാണ് വാഹനം ഓടിച്ചിരുന്നതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. മഴയുള്ള സമയത്ത് അപകടസാധ്യത ഉണ്ടെന്നറിഞ്ഞിട്ടും പ്രതി ഒറ്റക്കൈകൊണ്ട് വാഹനം ഓടിക്കുകയും ഡ്രൈവിങ്ങിനിടെ സെല്‍ഫി എടുക്കുകയും ചെയ്തു. യാതൊരു രേഖകളും വേണ്ടത്ര പരിശോധിക്കാതെയാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രതിക്ക് പ്രാഥമികഘട്ടത്തില്‍ തന്നെ ജാമ്യം നല്‍കിയത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രതിയെ ഒബ്‌സര്‍വേഷന്‍ ഹോമില്‍ എത്തിച്ച് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.
അതേസമയം, അപകടത്തിന് ശേഷം മൂന്ന് മണിക്കൂറോളം പ്രതിയുടെ പിതാവായ അഡീഷണല്‍ ജഡ്ജിയും സുഹൃത്തുക്കളും അപകടസ്ഥലത്ത് ചെലവഴിച്ചതായും, ഇവര്‍ ചേര്‍ന്ന് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതായും അപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ആരോപിച്ചു. എന്നാല്‍ കേസന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഇപ്പോള്‍ അത്തരം നിഗമനങ്ങളിലേക്ക് കടക്കേണ്ടതില്ലെന്നുമായിരുന്നു കോടതിയുടെ മറുപടി. പ്രായപൂര്‍ത്തിയാകാത്ത കുട്ടി കുറ്റകൃത്യത്തില്‍ പിടിയിലാകുമ്പോള്‍ രക്ഷിതാവിനെ വിവരം അറിയിക്കേണ്ടത് നിയമപരമായ നടപടിയാണെന്നും കോടതി വ്യക്തമാക്കി.


Comments
No comments yet. Be the first to comment!
Leave a Comment