31/10/2026
Kerala News

ഗ്യാനേഷ് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം തുടരാന്‍ ആഭ്യന്തര വകുപ്പ്; നിയമോപദേശം തേടി

 ഗ്യാനേഷ് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം തുടരാന്‍ ആഭ്യന്തര വകുപ്പ്; നിയമോപദേശം തേടി

തിരുവനന്തപുരം: കെ.എസ്.ടി.പി കരാര്‍ ക്രമക്കേടിലും പതി-ബെല്‍ കമ്പനിയുടെ പ്രോജക്റ്റ് മാനേജര്‍ ലീ സീ ബീനിന്റെ ആത്മഹത്യയിലും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം തുടരാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡെപ്യൂട്ടി ഡയറക്ടറോട് ആഭ്യന്തര വകുപ്പ് നിയമോപദേശം തേടിയിട്ടുണ്ട്. പ്രാഥമിക വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണവുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിയമോപദേശം ലഭിച്ച ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നതടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കും.

കേരളത്തില്‍ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ ഗ്യാനേഷ് കുമാര്‍ കെ.എസ്.ടി.പി പദ്ധതിയില്‍ വലിയ ക്രമക്കേട് നടത്തിയെന്നും, ഇത് പതി-ബെല്‍ കമ്പനിയുടെ പ്രോജക്റ്റ് മാനേജരായ മലേഷ്യന്‍ സ്വദേശി ലീ സീ ബീനിന്റെ ആത്മഹത്യയിലേക്ക് നയിച്ചുവെന്നുമുള്ള പരാതിയിലാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരുന്നത്. 2007-2012 കാലയളവില്‍ നടന്ന മുന്‍ അന്വേഷണത്തില്‍ പാളിച്ചകളില്ലെന്ന് കണ്ടെത്തിയതോടെ പുനരന്വേഷണ സാധ്യത മങ്ങിയെന്ന തരത്തില്‍ പ്രചാരണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ആഭ്യന്തര വകുപ്പ് അത് പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു.

അതേസമയം, ലീ സീ ബീനിന്റെ ആത്മഹത്യയ്ക്ക് കാരണം ഗ്യാനേഷ് കുമാര്‍ കൈക്കൂലി ആവശ്യപ്പെട്ടതാണെന്ന് കാണിച്ച് പതി-ബെല്‍ കമ്പനിയുടെ മുന്‍ കരാറുകാരനും കൊല്ലം സ്വദേശിയുമായ വി.ഒ. സാജന്‍ നല്‍കിയ പുതിയ പരാതിയും വിജിലന്‍സ് അന്വേഷണത്തിന് വിടും. രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട് ഗ്യാനേഷ് കുമാര്‍ 14 കോടി രൂപയുടെ നാലു ബില്ലുകള്‍ തടഞ്ഞുവെച്ചതായി ലീ സീ ബീന്‍ തന്നോട് പറഞ്ഞിരുന്നുവെന്നാണ് സാജന്റെ പരാതിയില്‍ പറയുന്നത്. നിലവിലത്തെ കേസില്‍ ഈ പുതിയ പരാതി നിര്‍ണായകമായ വഴിത്തിരിവാകുമെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തല്‍.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement