തിരുവനന്തപുരം: കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം ശക്തമാക്കുന്നു. അന്വേഷണത്തിനായി രണ്ട് ഡിവൈഎസ്പിമാരും ഏഴ് സിഐമാരും ഉള്‍പ്പെടുന്ന വിപുലമായ സംഘത്തെ നിയോഗിച്ച് വിജിലന്‍സ് ഉത്തരവിറക്കി. വിജിലന്‍സ് സ്പെഷ്യല്‍ യൂണിറ്റ് എസ്.പി ഇ.എന്‍. സുരേഷ് ബാബുവിനാണ് അന്വേഷണ ചുമതല. ഡിഐജി തോംസണ്‍ ജോസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.
പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് വിജിലന്‍സിന്റെ നീക്കം. കേസിന്റെ പ്രാധാന്യവും സാമ്പത്തിക ഇടപാടുകളുടെ വലുപ്പവും കണക്കിലെടുത്താണ് ഉന്നത റാങ്കിലുള്ള കൂടുതല്‍ ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. സ്പെഷ്യല്‍ യൂണിറ്റിലെ സിഐമാരാണ് സംഘത്തിലുള്ളത്.
വിജിലന്‍സ് അന്വേഷിക്കുന്നതില്‍ ഏറ്റവും ഉയര്‍ന്ന തുക ഉള്‍പ്പെടുന്ന കേസാണിതെന്നാണ് വിവരം. അന്വേഷണത്തിന്റെ ഭാഗമായി ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ കിഫ്ബിക്ക് കത്ത് നല്‍കും. ഭൂമി ഏറ്റെടുക്കലില്‍ നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചിരുന്നോ, ഭൂമിയുടെ മൂല്യനിര്‍ണയത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ, റിയല്‍ എസ്റ്റേറ്റ് താല്പര്യങ്ങള് ഇടപാടുകള്‍ക്ക് പിന്നിലുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുക.
കണ്ണൂരില്‍ 4,896 ഏക്കര്‍ ഭൂമി 12,240 കോടി രൂപ ചെലവഴിച്ച് ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് വിജിലന്‍സ് അന്വേഷണം. വലിയ തോതിലുള്ള ഭൂമി ഏറ്റെടുക്കലില്‍ ക്രമക്കേടുകള്‍ നടന്നെന്ന ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. ഏകദേശം 1,000 ഏക്കര്‍ ഭൂമി വാങ്ങിയതിലും പിന്നീട് 4,000 ഏക്കറോളം ഭൂമി കൂടി ഏറ്റെടുക്കാന്‍ ശ്രമിച്ചതിലും ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരോപിച്ചിരുന്നു.
കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കലില്‍ വന്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും വായ്പകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി ആവശ്യമില്ലെന്ന ധനവകുപ്പിന്റെ നിര്‍ദേശം മറികടന്നത് റൂള്‍സ് ഓഫ് ബിസിനസിന്റെ ലംഘനമാണെന്നും വി.ഡി. സതീശന് ചൂണ്ടിക്കാട്ടിയിരുന്നു. ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് വിജിലന്‍സ് അന്വേഷണം വിപുലീകരിച്ചിരിക്കുന്നത്.


Comments
No comments yet. Be the first to comment!
Leave a Comment