തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫിന് കാബിനറ്റ് പദവി നല്‍കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. ഒരു കുടുംബത്തില്‍പ്പെട്ട രണ്ട് പേര്‍ക്ക് കാബിനറ്റ് പദവി നല്‍കുന്നത് ശരിയല്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം എത്തിച്ചേര്‍ന്നത്. നിലവില്‍ പി.ജെ. ജോസഫിന്റെ മകന് അപു ജോണ്‍ കാബിനറ്റ് പദവിയുള്ള ചീഫ് വിപ്പായി തുടരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജോസഫിനും കൂടി കാബിനറ്റ് റാങ്ക് നല്‍കുന്നത് വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെക്കുമെന്നാണ് മുന്നണിയുടെ വിലയിരുത്തല്‍. പി.ജെ. ജോസഫിന് കാബിനറ്റ് പദവി നല്‍കുന്നതിനെ ചൊല്ലി മുന്നണികളില്‍ കടുത്ത തര്‍ക്കവും അതൃപ്തിയും നിലനിന്നിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തുനിന്ന് മാറിനിന്ന പി.ജെ. ജോസഫിന്, യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉന്നത പദവിയും കാബിനറ്റ് റാങ്കും വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് കേരള കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. എന്നാല്‍ എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷനായും, ജി. ദേവരാജനെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായും നിയമിച്ചപ്പോഴും പി.ജെ. ജോസഫിന്റെ പദവി പ്രഖ്യാപനം നീണ്ടുപോയതില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വലിയ അമര്‍ഷം പുകഞ്ഞിരുന്നു. വയോജന കമ്മീഷന് അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള സുപ്രധാന പദവികളിലൊന്നാണ് ജോസഫിനായി പാര്‍ട്ടി നേതൃത്വം പ്രതീക്ഷിച്ചിരുന്നത്.


Comments
No comments yet. Be the first to comment!
Leave a Comment