02/11/2026
Kerala News

ലോഡ് ഷെഡിങ് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്; കിട്ടാവുന്നിടത്ത് നിന്നെല്ലാം വൈദ്യുതി വാങ്ങും: സണ്ണി ജോസഫ്

 ലോഡ് ഷെഡിങ് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്; കിട്ടാവുന്നിടത്ത് നിന്നെല്ലാം വൈദ്യുതി വാങ്ങും: സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുകയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. ലഭ്യമാകുന്ന എല്ലാ സ്രോതസ്സുകളില്‍ നിന്നും വൈദ്യുതി വാങ്ങാനാണ് ശ്രമിക്കുന്നതെന്നും വിഷയം മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘകാല അടിസ്ഥാനത്തില്‍ വൈദ്യുതി ലഭ്യത ഉറപ്പാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സോളാര്‍ ബാറ്ററികളുടെ ലഭ്യതക്കുറവാണ് സോളാര്‍ പവര്‍ സ്റ്റേഷന്റെ ഉദ്ഘാടനം വൈകാന്‍ ഇടയാക്കിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഹിമാചല്‍ പ്രദേശില്‍ നിന്ന് 1280 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നതിനായി കെഎസ്ഇബി നീക്കം നടത്തിയിരുന്നു. എന്നാല്‍, ഹിമാചല്‍ പ്രദേശ് ഉയര്‍ന്ന വില ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വൈദ്യുതി മന്ത്രി വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും, സര്‍ക്കാര്‍ ഇതിലുള്ള അതൃപ്തി ഔദ്യോഗികമായി അറിയിക്കുകയുമായിരുന്നു. അതേസമയം, യൂണിറ്റിന് 14.50 രൂപ നിരക്കില്‍ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ നീക്കത്തിനെതിരെ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ലഭ്യമായ മറ്റ് വഴികള്‍ പരിശോധിക്കാതെ ഇത്രയും ഉയര്‍ന്ന തുകയ്ക്ക് വൈദ്യുതി വാങ്ങുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് കമ്മീഷന്‍ വിലയിരുത്തി.

സംസ്ഥാനത്തെ രാത്രികാല വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി 2027 മാര്‍ച്ച് 30 വരെ ഹ്രസ്വകാല അടിസ്ഥാനത്തില്‍ വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്‍ കെഎസ്ഇബിക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് അഞ്ച് കമ്പനികളില്‍ നിന്നായി 270 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യമാക്കും. പിടിസി ഇന്ത്യ ലിമിറ്റഡ്, ആര്‍പിജി പവര്‍ ട്രേഡിങ് കമ്പനി ലിമിറ്റഡ് തുടങ്ങിയ അഞ്ച് വ്യത്യസ്ത കമ്പനികളില്‍ നിന്നാണ് വൈദ്യുതി വാങ്ങുന്നത്.

യൂണിറ്റിന് 6.99 രൂപ മുതല്‍ പരമാവധി 10 രൂപ വരെയുള്ള നിരക്കില്‍ വൈദ്യുതി വാങ്ങാനാണ് അനുമതിയുള്ളത്. നിരക്ക് 10 രൂപയില്‍ കൂടരുതെന്ന കര്‍ശന നിബന്ധനയോടെയാണ് കമ്മീഷന്‍ കരാറിന് അംഗീകാരം നല്‍കിയത്. ഈ കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ നേരിടാന്‍ സാധ്യതയുള്ള രാത്രികാല വൈദ്യുതി ക്ഷാമത്തിന് താത്കാലിക പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement