തൃശൂര്‍: മദ്യം വാങ്ങാനെത്തുന്നവരില്‍ പ്രായത്തെക്കുറിച്ച് സംശയം തോന്നുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് ബാറുകള്‍ക്ക് നിര്‍ദേശം നല്കി എക്സൈസ് മന്ത്രി എം. ലിജു. മദ്യപിക്കാനുള്ള നിയമപരമായ പ്രായപരിധി കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ബാര്‍ ലൈസന്‍സികളുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി വ്യക്തമാക്കി.
മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായം 23 വയസ്സാണ്. ഈ നിബന്ധന കര്‍ശനമായി നടപ്പാക്കണം. നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചതെന്നും മന്ത്രി പറഞ്ഞു.
എല്ലാവരുടെയും തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കണമെന്നല്ല താന്‍ ഉദ്ദേശിച്ചതെന്നും പ്രായത്തെക്കുറിച്ച് സംശയം തോന്നുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്നാണ് നിര്‍ദേശിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം നവംബറില്‍ പ്രഖ്യാപിക്കുമെന്നും എം. ലിജു അറിയിച്ചു. ഇക്കാര്യം ഹൈക്കോടതിയിലും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തില്‍നിന്ന് വ്യത്യസ്തമായിരിക്കും യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയമെന്നും മന്ത്രി വ്യക്തമാക്കി.


Comments
No comments yet. Be the first to comment!
Leave a Comment