തിരുവനന്തപുരം: കിഫ്ബി ഭൂമി ഇടപാടുകളിലെ വിജിലന്‍സ് അന്വേഷണം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനിലേക്കും നീളുന്നു. കിഫ്ബി ചെയര്‍മാനായിരുന്ന പിണറായി വിജയന് പങ്കെടുത്ത യോഗത്തിലാണ് ഭൂമി ഏറ്റെടുക്കാന്‍ തീരുമാനമെടുത്തതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. സംഭവത്തില്‍ പ്രാഥമിക അന്വേഷണം മതിയോ അതോ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മുന്നോട്ട് പോകണമോ എന്ന കാര്യത്തില്‍ ആഭ്യന്തരവകുപ്പ് ഉടന്‍ അന്തിമ തീരുമാനമെടുക്കും.
കണ്ണൂരില്‍ കിന്‍ഫ്രയ്ക്കായി കിഫ്ബി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ അന്നത്തെ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതായി വ്യക്തമാക്കുന്ന നിര്‍ണായക രേഖകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടുകള്‍, നല്കിയ തുക, പദ്ധതികളുടെ നിലവിലെ സ്ഥിതി എന്നിവ വിശദമായി പരിശോധിച്ചുകൊണ്ട് സമഗ്രമായ അന്വേഷണം നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം.
ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിയതിലെ നടപടിക്രമങ്ങളിലുണ്ടായ വീഴ്ചകളായിരിക്കും വിജിലന്‍സ് പ്രധാനമായും അന്വേഷിക്കുക. ഇതിനായി ധനകാര്യവകുപ്പുകളുടെ സാങ്കേതിക സഹായവും അന്വേഷണസംഘം തേടും. കിഫ്ബിയുടെ മുന്‍കാല പ്രവര്‍ത്തനങ്ങളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ വിജിലന്‍സ് അന്വേഷണ പ്രഖ്യാപനം. മുന്‍ ധനമന്ത്രി തോമസ് ഐസക്, കിഫ്ബി സിഇഒ കെ.എം. എബ്രഹാം എന്നിവരും അന്വേഷണ പരിധിയില്‍ വരുമെന്നാണ് സൂചന.


Comments
No comments yet. Be the first to comment!
Leave a Comment