എറണാകുളം: ചേരാനല്ലൂര്‍ വാഹനാപകടത്തിന് പിന്നാലെ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോയ സംഭവത്തില്‍ കോടതിക്ക് വിശദീകരണം നല്‍കി അഡീഷണല്‍ സെഷന്‍സ് ജഡ്ജ്. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സ്റ്റേഷനില്‍ പോകാനാണ് ജില്ലാ ജഡ്ജിയുടെ അനുമതി വേണ്ടതെന്നും, താന്‍ ഒരു പിതാവെന്ന നിലയിലാണ് അവിടെയെത്തിയതെന്നുമാണ് ജഡ്ജി വ്യക്തമാക്കിയത്. തനിക്കെതിരെ നരഹത്യാ കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതിയില്‍ നല്‍കിയ മുൻകൂർ ജാമ്യഹര്‍ജിയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. താനറിയാതെയാണ് മകന്‍ കാറുമായി പുറത്തുപോയതെന്നും, അപകടവിവരം പുലര്‍ച്ചെ 2.14 നാണ് അറിഞ്ഞതെന്നും ജഡ്ജി ഹർജിയിൽ പറയുന്നു.
അപകട സമയത്ത് താന്‍ ഉറക്കത്തിലായിരുന്നുവെന്നും മകന് വാഹനം ഓടിക്കാന്‍ അനുമതി നല്‍കിയിരുന്നില്ലെന്നും ജഡ്ജി വ്യക്തമാക്കുന്നു. മരണത്തിന് കാരണമായേക്കാവുന്ന പ്രവൃത്തിയാണെന്ന അറിവോ കുറ്റകരമായ മാനസികാവസ്ഥയോ തനിക്കുണ്ടായിരുന്നില്ല. കേവലം വാഹനത്തിന്റെ ഉടമസ്ഥത മാത്രം കുറ്റത്തിന് അടിസ്ഥാനമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ വീട്ടിലെ പരിശോധനകള്‍ പൂര്‍ത്തിയായതാണെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും ജഡ്ജി മുൻകൂർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ഒളിവില്‍ പോകില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, തന്റെ അറസ്റ്റ് അനിവാര്യമല്ലെന്നും കോടതിയെ അറിയിച്ചു.
അപകടമുണ്ടാക്കിയ 17കാരന്റെ പിതാവായ സെഷന്‍സ് ജഡ്ജിയെ പൊലീസ് കേസിൽ പ്രതിച്ചേര്‍ക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന്, ജഡ്ജിയെ അറസ്റ്റ് ചെയ്യുന്നതിന് അനുമതി തേടി പൊലീസ് ഹൈകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് അദ്ദേഹം മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. ഈ ഹര്‍ജി ഹൈക്കോടതിയിലെ ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് ഇന്ന് പരിഗണിക്കും.


Comments
No comments yet. Be the first to comment!
Leave a Comment