29/10/2026
Kerala News

എല്‍പിഎസ്ടി സമരം: മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് മറുപടിയുമായി തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച വളര്‍മതി

 എല്‍പിഎസ്ടി സമരം: മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് മറുപടിയുമായി തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച വളര്‍മതി


തിരുവനന്തപുരം: എല്‍പിഎസ്ടി സമരവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി സമരസമിതി നേതാവ് വളര്‍മതി. സര്‍ക്കാര്‍ നടപ്പാക്കിയ കാര്യങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കണമെന്നും വിദ്യാര്‍ഥി-അധ്യാപക അനുപാതം കുറയ്ക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും വളര്‍മതി പറഞ്ഞു.

പ്രതിപക്ഷത്തിരുന്നപ്പോള്‍ പിഎസ്സി ഉദ്യോഗാര്‍ഥികളുടെ സമരത്തെ പിന്തുണച്ചവര്‍ ഇപ്പോള്‍ അധികാരത്തിലെത്തിയപ്പോള്‍ വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നതെന്നും അവര്‍ വിമര്‍ശിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സര്‍ക്കാര്‍ അവഗണന തുടരുകയാണെന്നും വളര്‍മതി ആരോപിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷം സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്തവരെ തിരിഞ്ഞുനോക്കാത്തവര്‍ ഇപ്പോള്‍ തലമുണ്ഡനം ചെയ്തുള്ള പ്രതിഷേധത്തിന്റെ ചിത്രങ്ങളുമായി നടക്കുകയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. സമരസമിതിയുടെ അഞ്ച് ആവശ്യങ്ങളില്‍ നാലെണ്ണം യുഡിഎഫ് സര്‍ക്കാരിന് നിറവേറ്റാനായെന്നും വിദ്യാര്‍ഥി-അധ്യാപക അനുപാതം ഒറ്റയടിക്ക് കുറയ്ക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടികളാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) തെറ്റായ രീതിയിലാണ് നടപ്പാക്കിയതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. 32 ഒഴിവുകളുണ്ടെന്ന തെറ്റായ കണക്ക് പിഎസ്സിക്ക് നല്‍കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചെന്നും അദ്ദേഹം ആരോപിച്ചു. തലമുണ്ഡനം ചെയ്തുള്ള പ്രതിഷേധം കാണുമ്പോള്‍ സങ്കടമുണ്ടെന്നും എന്നാല്‍ വാക്ക് പാലിച്ചില്ലെന്ന് സമരക്കാര്‍ പറയരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement