തിരുവനന്തപുരം: കിഫ്ബി സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരിക്കുമെന്നും ഒരു സാമ്രാജ്യം സൃഷ്ടിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്. കിഫ്ബിയുമായി ബന്ധപ്പെട്ട് നിലവിലുള്ള എല്ലാ പദ്ധതികളും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കിഫ്ബിയെക്കുറിച്ചുള്ള അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കിഫ്ബി വഴി നിലവില്‍ 31,761 കോടി രൂപയുടെ പ്രവൃത്തികളാണ് നടക്കുന്നത്. ഇതില്‍ 27,000 കോടി രൂപയുടെ പ്രവൃത്തികളും ടെന്‍ഡര്‍ ചെയ്യാത്ത 4,000 കോടി രൂപയുടെ പ്രവൃത്തികളും ഉള്‍പ്പെടെ പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയുടെ വികസന പദ്ധതികള്‍ പൂര്‍ണമായും അട്ടിമറിക്കപ്പെട്ടുവെന്ന ആരോപണത്തില്‍ വസ്തുതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, നിലവിലുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കുമ്പോള്‍ കിഫ്ബിക്ക് ഏകദേശം 70,000 കോടി രൂപയുടെ ബാധ്യതയുണ്ടാകുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ തുക എങ്ങനെ കണ്ടെത്തുമെന്നതാണ് പ്രധാന ചോദ്യമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ സര്‍ക്കാര്‍ ഉയര്‍ന്ന പലിശയ്ക്കാണ് വായ്പയെടുത്തത്. കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വായ്പാ പരിധിയെയും ബാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്‍ സര്‍ക്കാരിന്റെ കാലത്തെ കടമെടുപ്പുമായി ബന്ധപ്പെട്ട ബാധ്യതയില്‍ 15,000 കോടി രൂപയുടെ കുറവുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. കിഫ്ബിയുടെ മുഴുവന്‍ ബാധ്യതയും ആത്യന്തികമായി സംസ്ഥാന സര്‍ക്കാരിനാണ്. വായ്പാ പരിധിയില്‍നിന്ന് 12,000 കോടി രൂപ ഇതിനകം കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബിയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയം അവതരിപ്പിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കിഫ്ബി റിപ്പോര്‍ട്ടിനെ കോര്‍പ്പറേറ്റ് വല്‍ക്കരണമെന്ന് വിശേഷിപ്പിക്കുന്നതിന്റെ കാരണം എന്താണെന്ന് കെ.എന്‍. ബാലഗോപാലിനോട് അദ്ദേഹം ചോദിച്ചു. കിഫ്ബിയുടെ കടമെടുപ്പിനെക്കുറിച്ച് മുന്‍പ് കുറിപ്പ് നല്കിയ വ്യക്തിയാണ് ബാലഗോപാലെന്നും ധനമന്ത്രിയായിരുന്ന കാലത്തെ അദ്ദേഹത്തിന്റെ നടപടികള്‍ക്ക് വിരുദ്ധമായാണ് പിന്നീട് കാര്യങ്ങള്‍ നടന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.


Comments
No comments yet. Be the first to comment!
Leave a Comment