29/10/2026
Kerala News

ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാകുന്നതുവരെ ഇന്ത്യയില്‍ തുടരാം; നടന്‍ ഇമ്രാന്‍ ഖാന് താത്കാലിക ആശ്വാസം

ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാകുന്നതുവരെ ഇന്ത്യയില്‍ തുടരാം; നടന്‍ ഇമ്രാന്‍ ഖാന് താത്കാലിക ആശ്വാസം

മുംബൈ: രാജ്യം വിടണമെന്ന നോട്ടീസില്‍ ബോളിവുഡ് നടന്‍ ഇമ്രാന്‍ ഖാന് ബോംബെ ഹൈക്കോടതിയില്‍ നിന്ന് താത്കാലിക ആശ്വാസം. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാകുന്നതുവരെ അദ്ദേഹത്തിന് ഇന്ത്യയില്‍ തുടരാമെന്ന് ഹൈക്കോടതി അറിയിച്ചു. മുംബൈയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് നാളേയ്ക്കകം രാജ്യം വിടാനായിരുന്നു വിദേശകാര്യ മന്ത്രാലയം അദ്ദേഹത്തിന് നിര്‍ദേശം നല്‍കിയിരുന്നത്. കേസില്‍ ഹര്‍ജി നവംബര്‍ 2-ന് കോടതി വീണ്ടും പരിഗണിക്കും.

ഒക്ടോബര്‍ 10-ന് മുംബൈയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിനാണ് ഇമ്രാന്‍ ഖാന് ഫോറിനേഴ്സ് റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസ് (FRRO) ലീവ് ഇന്ത്യ നോട്ടീസ് അയച്ചത്. പ്രതിഷേധ സ്ഥലത്തുനിന്ന് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ആക്ട് 2025 ലംഘിച്ച് പ്രക്ഷോഭത്തില്‍ പങ്കെടുത്തു എന്ന് ആരോപിച്ച് ഒക്ടോബര്‍ 14-നാണ് എഫ്.ആര്‍.ആര്‍.ഒ ആദ്യ നോട്ടീസ് അയച്ചത്. തുടര്‍ന്ന് ഒക്ടോബര്‍ 17-ന് ഇമ്രാന്‍ ഖാന്റെ ഒ.സി.ഐ (OCI) കാര്‍ഡ് റദ്ദാക്കുമെന്നും കാണിച്ച് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി.

എന്നാല്‍ ബി.ജെ.പി നേതാവ് കിരിത് സോമയ്യ നല്‍കിയ പരാതിയുടെയും തെളിവുകളില്ലാതെ പൊലീസ് തയ്യാറാക്കിയ എഫ്.ഐ.ആറിന്റെയും അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന് ഇമ്രാന്‍ ഖാന്റെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

രണ്ടു വയസ്സു മുതല്‍ ഇന്ത്യയില്‍ ജീവിക്കുന്ന വ്യക്തിയാണെന്നും തനിക്കെതിരെ മറ്റു ക്രിമിനല്‍ പശ്ചാത്തലങ്ങള്‍ ഒന്നുമില്ലെന്നും വ്യക്തമാക്കിയാണ് ഇമ്രാന്‍ ഖാന്‍ ഹൈക്കോടതിയെ സമീപിച്ചത്. എഫ്.ആര്‍.ആര്‍.ഒയുടെ നടപടി ഭരണഘടനാ വിരുദ്ധവും അനിയന്ത്രിതവുമാണെന്ന് അദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. തനിക്കെതിരെയുള്ള നോട്ടീസ് പൂര്‍ണമായും റദ്ദാക്കണമെന്നും നാടുകടത്തല്‍ അടക്കമുള്ള കടുത്ത നടപടികളില്‍ നിന്ന് ഇടക്കാല സംരക്ഷണം നല്‍കണമെന്നും അദ്ദേഹം കോടതിയോട് അഭ്യര്‍ത്ഥിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement