തിരുവനന്തപുരം: ചേരാനല്ലൂര്‍ വാഹനാപകടവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് നിയമസഭയില്‍ സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംഭവത്തില്‍ സര്‍ക്കാരിന് ഒന്നും ഒളിപ്പിക്കാനില്ലെന്നും വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ ഇന്ന് തന്നെ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടം നടന്നയുടന്‍ സ്ഥലം എംഎല്‍എ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചിരുന്നു. അപ്പോള്‍ തന്നെ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി മനസ്സിലായെന്നും ഡിജിപിയുമായി ബന്ധപ്പെട്ട് ജാമ്യം ലഭിക്കാവുന്ന വകുപ്പ് ചുമത്തിയതിന്റെ കാരണം ചോദിച്ചിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. പൊലീസ് തെറ്റ് ചെയ്താല്‍ അതിനെ കണ്ണടച്ച് ന്യായീകരിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജഡ്ജിയുടെ മകനായാലും മറ്റാരുടെ മകനായാലും നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്ന് മന്ത്രി വ്യക്തമാക്കി. സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന സാധാരണക്കാരന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കുടുംബം മുന്നോട്ടുവെച്ച മൂന്ന് ആവശ്യങ്ങളും അംഗീകരിച്ചതിനെത്തുടര്‍ന്നാണ് ഇന്നലെ നടന്ന സമരം അവസാനിപ്പിച്ചതെന്നും ചെന്നിത്തല അറിയിച്ചു. വാഹനമോടിച്ച 17 വയസ്സുകാരന് ജുവനൈല്‍ മജിസ്ട്രേറ്റ് ജാമ്യം അനുവദിക്കരുതെന്ന ആവശ്യവും കുടുംബം ഉന്നയിച്ചിട്ടുണ്ടെന്ന് അദ്ദേഹം സഭയില്‍ പറഞ്ഞു.
ജഡ്ജിക്കെതിരെ നേരിട്ട് നടപടിയെടുക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും വാഹനത്തിന്റെ ഉടമയ്ക്കെതിരെ കേസെടുക്കാന്‍ സാധിക്കുമെന്നും മന്ത്രി വിശദീകരിച്ചു. ഇതിന്റെ ഭാഗമായി വാഹന ഉടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇക്കാര്യം ഹൈക്കോടതി രജിസ്ട്രാറെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജഡ്ജി പൊലീസ് സ്റ്റേഷനിലെത്തി പെരുമാറിയ രീതിയെയും മന്ത്രി വിമര്‍ശിച്ചു. ഔദ്യോഗിക ആവശ്യത്തിനല്ലാതെ ജഡ്ജി പൊലീസ് സ്റ്റേഷനില്‍ പോകേണ്ടതില്ലെന്നും സ്റ്റേഷനിലെത്തിയ ജഡ്ജിയുടെ പെരുമാറ്റം വളരെ മോശമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പണമോ സ്വാധീനമോ ഉപയോഗിച്ച് കേസില്‍ ഇടപെടാന്‍ സര്‍ക്കാരിനെ ആരും നിര്‍ബന്ധിക്കില്ലെന്നും അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തെ സംരക്ഷിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല നിയമസഭയില്‍ ഉറപ്പുനല്‍കി.


Comments
No comments yet. Be the first to comment!
Leave a Comment