പത്തനംതിട്ട: റവന്യൂ, വനം വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ശബരിമല റോപ്വേ നിര്‍മാണം അനിശ്ചിതത്വത്തില്‍. പദ്ധതിക്കായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരമായി കണ്ടെത്തിയ ഭൂമിയും വനഭൂമിയാണെന്ന നിലപാടിലാണ് വനംവകുപ്പ്. ഇതോടെ ഭൂമി കൈമാറ്റം സംബന്ധിച്ച തര്‍ക്കം വീണ്ടും രൂക്ഷമായി.
ശബരിമല റോപ്വേയ്ക്കായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരമായി ശെന്തുരുണി വന്യജീവി ഡിവിഷനിലെ കട്ടിളപ്പാറയില്‍ നാലര ഹെക്ടര്‍ ഭൂമിയാണ് റവന്യൂ വകുപ്പ് കണ്ടെത്തിയത്. എന്നാല്‍ ഈ ഭൂമിയും വനഭൂമിയാണെന്നാണ് വനംവകുപ്പിന്റെ വാദം. നേരത്തേ ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴിയില്‍ കണ്ടെത്തിയ ഭൂമി അനുയോജ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയും വനംവകുപ്പ് എതിര്‍പ്പ് അറിയിച്ചിരുന്നു.
റോപ്വേ നിര്‍മാണത്തിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് 2015-ല്‍ കരാര്‍ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. പദ്ധതിയുടെ ഭാഗമായുള്ള സര്‍വേ 2023 മേയില്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. പമ്പാ ത്രിവേണിക്ക് സമീപമുള്ള ഹില്‍ടോപ്പില്‍നിന്ന് ആരംഭിച്ച് മാളികപ്പുറം പൊലീസ് ബാരക്കിന് സമീപം അവസാനിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഏകദേശം 2.5 കിലോമീറ്ററാണ് നിര്‍ദിഷ്ട റോപ്വേയുടെ ദൈര്‍ഘ്യം.
തിരക്കേറിയ തീര്‍ഥാടന കാലത്ത് ചരക്കുകള്‍ ട്രാക്ടറുകളില്‍ കൊണ്ടുപോകുന്നത് ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് റോപ്വേ പദ്ധതി ആസൂത്രണം ചെയ്തത്. പദ്ധതിക്കായി വിട്ടുനല്‍കുന്ന വനഭൂമിക്ക് പകരം അനുയോജ്യമായ ഭൂമി കണ്ടെത്തണമെന്നാണ് വനംവകുപ്പിന്റെ നിലപാട്. ഭൂമി കൈമാറ്റത്തില്‍ അന്തിമ തീരുമാനമാകാത്തതാണ് നിര്‍മാണത്തിന് തടസ്സമാകുന്നത്.


Comments
No comments yet. Be the first to comment!
Leave a Comment