കണ്ണൂര്‍: സിപിഐഎം നേതൃത്വത്തിനെതിരായ അസംതൃപ്തി പരോക്ഷമായി പ്രകടിപ്പിച്ച് പി.പി. ദിവ്യ. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ദിവ്യ തന്റെ വിയോജിപ്പ് വ്യക്തമാക്കിയത്. ബുദ്ധന്റെ കഥ പരാമര്‍ശിച്ചുകൊണ്ടുള്ള കുറിപ്പില്‍, ഒരിക്കല്‍ ശരിയെന്ന് തോന്നിയ കാര്യങ്ങള്‍ എക്കാലവും ശരിയാകണമെന്നില്ലെന്ന് ദിവ്യ കുറിച്ചു.
ഒരു കരയില്‍നിന്ന് മറുകരയിലെത്താന്‍ സഹായിച്ച കാര്യങ്ങളെ ജീവിതകാലം മുഴുവന്‍ ചുമന്നുനടക്കേണ്ടതില്ലെന്നും അവ ഉപേക്ഷിക്കുന്നത് നന്ദികേടല്ലെന്നും ദിവ്യ പറഞ്ഞു. ജീവിതം പഠിപ്പിച്ച പാഠമാണിതെന്നും നീതി വൈകിയേക്കാമെങ്കിലും സത്യത്തിന്റെ ശബ്ദം ഒരിക്കലും മങ്ങില്ലെന്നും ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
കണ്ണൂര്‍ എഡിഎം ആയിരുന്ന കെ. നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു പിന്നാലെയാണ് പി.പി. ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. തുടര്‍ന്ന് പാര്‍ട്ടിയില്‍ ദിവ്യയെ തരംതാഴ്ത്തുകയും ചെയ്തിരുന്നു.
അടുത്തിടെ ചേര്‍ന്ന സിപിഐഎം കണ്ണൂര്‍ വിശാല ജില്ലാ കമ്മിറ്റി യോഗത്തിലും ദിവ്യയ്ക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് പാര്‍ട്ടി നേതൃത്വത്തോടുള്ള വിയോജിപ്പായി വ്യാഖ്യാനിക്കപ്പെടുന്ന ഫേസ്ബുക്ക് കുറിപ്പുമായി ദിവ്യ രംഗത്തെത്തിയത്.


Comments
No comments yet. Be the first to comment!
Leave a Comment