തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശമായി ഓറഞ്ച് അലര്‍ട്ട് നിലവിലുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ ഒക്ടോബര്‍ 25 വരെയും കര്‍ണാടക തീരത്ത് ഒക്ടോബര്‍ 23 മുതല്‍ 25 വരെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി.
അതേസമയം, കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തീരദേശങ്ങളില്‍ കടലാക്രമണ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെയുള്ള തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കൂടാതെ കന്യാകുമാരി തീരത്തും ഉയര്‍ന്ന തിരമാല മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്.


Comments
No comments yet. Be the first to comment!
Leave a Comment