ന്യൂഡല്ഹി: ജന്തര്മന്തറില് ബാരിക്കേഡുകള് ചാടിക്കടന്ന് അതിക്രമിച്ചു കയറിയ കേസില് അറസ്റ്റിലായ കോക്രോച്ച് ജനതാ പാര്ട്ടി (സിജെപി) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ അഞ്ച് ദിവസത്തെ ജുഡീഷ്യല് കസ്റ്റഡിയില് റിമാന്ഡ് ചെയ്തു. ബുധനാഴ്ച രാവിലെ എട്ടുമണിയോടെ ഡല്ഹി മന്ദിര് മാര്ഗിലെ മജിസ്ട്രേറ്റിന് മുന്നില് ഹാജരാക്കിയ ശേഷമാണ് ഇവരെ റിമാന്ഡ് ചെയ്തത്. അതിക്രമിച്ചു കടക്കല്, നിരോധനാജ്ഞ ലംഘിക്കല്, സമാധാന ഉടമ്പടി ലംഘിക്കല്, ഔദ്യോഗിക കൃത്യനിര്വഹണം തടസ്സപ്പെടുത്തല് ഉള്പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാര് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സിജെപി നേതാക്കള് ജന്തര്മന്തറില് പ്രതിഷേധം സംഘടിപ്പിച്ചത്. സംഭവത്തില് ചൊവ്വാഴ്ച രാവിലെ സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിങ്ക്യ ഷിന്ഡെ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്, ആദ്യമായി കസ്റ്റഡിയിലാകുന്ന വ്യക്തിയെന്ന പരിഗണന നല്കി അജിങ്ക്യ ഷിന്ഡെക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.മുന്പൊരു സംഭവവുമായി ബന്ധപ്പെട്ട് 50,000 രൂപയുടെ ബോണ്ടിലും ഒരു വര്ഷത്തേക്ക് സമാധാനാന്തരീക്ഷം തകര്ക്കില്ലെന്ന ഉറപ്പിലുമാണ് ഇവര് മുന്പ് പുറത്തിറങ്ങിയിരുന്നത്. എന്നാല് ഭാരതീയ നാഗരിക സുരക്ഷാ സംഹിത (ബിഎന്എസ്എസ്) സെക്ഷന് 163 ലംഘിച്ചുകൊണ്ട് ഇവര് വീണ്ടും നിയമലംഘനം നടത്തിയതായി ഡല്ഹി പോലീസ് വ്യക്തമാക്കി. ബോണ്ട് വ്യവസ്ഥകള് ലംഘിച്ച ആവര്ത്തിച്ചുള്ള കുറ്റക്കാരായാണ് കോടതി ഇവരെ പരിഗണിച്ചിരിക്കുന്നത്.
അതേസമയം, കേസിനെതിരെ ശക്തമായ പ്രതിഷേധവുമായി പാര്ട്ടി നേതൃത്വം രംഗത്തെത്തി. സര്ക്കാര് എതിര്ശബ്ദങ്ങളെ പൂര്ണ്ണമായും അടിച്ചമര്ത്തുകയാണെന്നും വിയോജിപ്പുകളെ ഇല്ലാതാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും സിജെപി സ്ഥാപകന് അഭിജീത് ദീപകെ എക്സിലൂടെ (X) കുറ്റപ്പെടുത്തി.
Comments
No comments yet. Be the first to comment!
Leave a Comment