Wednesday, October 14, 2026
Kerala News

മാസപ്പടിക്കേസ്: വിവരങ്ങളും രേഖകളും ആവശ്യപ്പെട്ട് ഇഡിക്ക് കത്ത് നല്‍കി വിജിലന്‍സ്

മാസപ്പടിക്കേസ്: വിവരങ്ങളും രേഖകളും ആവശ്യപ്പെട്ട് ഇഡിക്ക് കത്ത് നല്‍കി വിജിലന്‍സ്

തിരുവനന്തപുരം: മാസപ്പടി, ഹവാല കേസുകളില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരായ അന്വേഷണം വിജിലന്‍സ് ശക്തമാക്കി. കേസിന് ആസ്പദമായ സുപ്രധാന വിവരങ്ങളും രേഖകളും പങ്കുവെക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) കത്ത് നല്‍കി.

മാസപ്പടി, ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും കൈമാറണമെന്നാണ് വിജിലന്‍സ് കത്തില്‍ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ, കേസിന്റെ ഭാഗമായി ചോദ്യം ചെയ്ത പ്രതികളില്‍ നിന്നും സാക്ഷികളില്‍ നിന്നും ഇ.ഡി രേഖപ്പെടുത്തിയ മൊഴികളുടെ വിശദാംശങ്ങളും വിജിലന്‍സ് തേടിയിട്ടുണ്ട്. നേരത്തെ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളായ ഹസന്‍ വാരിസ്, നിഖില്‍ എന്നിവര്‍ നല്‍കിയ മൊഴികളില്‍ വന്ന തിരുത്തലുകളില്‍ വ്യക്തത വരുത്തുകയാണ് ഇതിലൂടെ വിജിലന്‍സ് ലക്ഷ്യമിടുന്നത്.

ഇതിനുപുറമേ, എക്‌സാലോജിക് - സിഎംആര്‍എല്‍ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി പിടിച്ചെടുത്ത വിവിധ രേഖകളുടെ പകര്‍പ്പുകളും വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. പിണറായി വിജയന്‍, റിയാസ്, വീണ എന്നിവര്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് വിജിലന്‍സിന്റെ ഈ നീക്കം. ഇ.ഡി കൈമാറുന്ന രേഖകളും മൊഴികളും സമഗ്രമായി പരിശോധിച്ച ശേഷമായിരിക്കും വിജിലന്‍സ് കേസില്‍ തുടര്‍നടപടികളിലേക്ക് കടക്കുക.


Related News

Comments

No comments yet. Be the first to comment!

Leave a Comment