ഡല്‍ഹി: രാജ്യതലസ്ഥാനത്ത് സി.പി.ഐ.എം നേതാക്കള്‍ക്കെതിരെ പോലീസിന്റെ ശക്തമായ നടപടി. കേരളത്തില്‍ നിന്നുള്ള പ്രമുഖ സി.പി.ഐ.എം നേതാക്കളെ പോലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു. മുതിര്‍ന്ന നേതാവ് പിണറായി വിജയന്‍, എം.എ. ബേബി, ഇ.പി. ജയരാജന്‍, എം.വി. ഗോവിന്ദന്‍, കെ.കെ. ശൈലജ, പി.കെ. ശ്രീമതി, കെ.എന്‍. ബാലഗോപാല്‍, ജോണ്‍ ബ്രിട്ടാസ് എം.പി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളാണ് കസ്റ്റഡിയിലായത്. ഡല്‍ഹി കേരള ഹൗസില്‍ നിന്നും പ്രതിഷേധ മാര്‍ച്ചിന് തയ്യാറെടുക്കുന്നതിനിടെയായിരുന്നു പോലീസിന്റെ ഈ അപ്രതീക്ഷിത നടപടി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടാണ് ഈ പ്രതിഷേധം സംഘടിപ്പിച്ചതെന്ന് പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെയും പോലീസിന്റെയും ഈ നടപടി ജനാധിപത്യത്തോടുള്ള തുറന്ന വെല്ലുവിളിയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഗ്യാനേഷ് കുമാര്‍ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്നും, ജനങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രത്തിന്റെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഏകദേശം 13 കോടിയോളം ആളുകളുടെ വോട്ടവകാശം ഇല്ലാതാക്കിയതെന്നും, ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വഴിവിട്ട നീക്കങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.
കേരളത്തിലെ സാഹചര്യവുമായി എസ്.ഐ.ആറിന് (SIR) ബന്ധമുണ്ടോ എന്ന ചോദ്യത്തിന്, എസ്.ഐ.ആര്‍ നടപ്പിലാക്കിയ എല്ലാ സ്ഥലങ്ങളിലും അതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പിണറായി വിജയന്‍ മറുപടി നല്‍കി. രാജ്യതലസ്ഥാനത്ത് എന്തിനാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരം ഒരു ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. പ്രതിഷേധിക്കാനുള്ള അവകാശം തടയരുതെന്ന് സുപ്രീം കോടതി പോലും വ്യക്തമാക്കിയിട്ടുള്ളതാണെന്നും ജനാധിപത്യത്തോടും ഭരണഘടനയോടും യാതൊരു ബഹുമാനവുമില്ലാത്തവരാണ് കേന്ദ്ര ഭരണാധികാരികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments
No comments yet. Be the first to comment!
Leave a Comment