Friday, October 9, 2026
Kerala News

അടൂര്‍ പ്രകാശിന്റെ പരാതി തള്ളി വി.ഡി. സതീശന്‍; തീരുമാനങ്ങള്‍ പാര്‍ട്ടി നയങ്ങള്‍ക്കനുസരിച്ചെന്ന് വിശദീകരണം

അടൂര്‍ പ്രകാശിന്റെ പരാതി തള്ളി വി.ഡി. സതീശന്‍; തീരുമാനങ്ങള്‍ പാര്‍ട്ടി നയങ്ങള്‍ക്കനുസരിച്ചെന്ന് വിശദീകരണം



തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പരാതിയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. പാര്‍ട്ടിയുടെ നയങ്ങള്‍ക്കും രീതികള്‍ക്കും അനുസരിച്ചാണ് എല്ലാ തീരുമാനങ്ങളും കൈക്കൊള്ളുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മുതിര്‍ന്ന നേതാക്കളുടെ അനുമതിയോടെയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും വാര്‍ത്താ ഏജന്‍സിയോട് മുഖ്യമന്ത്രി പ്രതികരിച്ചു. വിഷയത്തില്‍ ആദ്യമായാണ് വി.ഡി. സതീശന്‍ നിലപാട് വ്യക്തമാക്കുന്നത്.

മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനശൈലിയെ വിമര്‍ശിച്ചാണ് അടൂര്‍ പ്രകാശ് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് പരാതി നല്‍കിയത്. പാര്‍ട്ടിയെയും മുന്നണിയെയും അവഗണിച്ച് മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്നും യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ തന്നെ പരിഗണിക്കുന്നില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പ്രധാന തീരുമാനങ്ങള്‍ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും മുന്നണിക്കുള്ളില്‍ വേണ്ടത്ര കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നും അടൂര്‍ പ്രകാശ് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും ഘടകകക്ഷികളുടെയും നിലപാടുകളും അദ്ദേഹം ഖര്‍ഗെയെ ധരിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ വിഷയത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്നും അടൂര്‍ പ്രകാശ് ശക്തമായി ആവശ്യപ്പെട്ടിരുന്നു. പരാതിയും മുഖ്യമന്ത്രിയുടെ പ്രതികരണവും കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment