Friday, October 9, 2026
Kerala News

നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റുന്നു; നരേന്ദ്രമോദി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാകും

നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റുന്നു; നരേന്ദ്രമോദി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാകും



ലഖ്നൗ: ഉത്തര്‍പ്രദേശിലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാന്‍ സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം. ഗൗതം ബുദ്ധ നഗര്‍ ജില്ലയിലെ ജേവാറില്‍ സ്ഥിതി ചെയ്യുന്ന വിമാനത്താവളത്തിന് നരേന്ദ്രമോദി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന് പേരുനല്‍കാനാണ് തീരുമാനം. ഇതുസംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശത്തിന് ഉത്തര്‍പ്രദേശ് മന്ത്രിസഭ അംഗീകാരം നല്‍കി.

പ്രധാനമന്ത്രി നരേന്ദ്രമോദി 2026 മാര്‍ച്ച് 28ന് ഉദ്ഘാടനം ചെയ്ത വിമാനത്താവളത്തില്‍ ജൂണ്‍ 15 മുതലാണ് വാണിജ്യ വിമാന സര്‍വീസുകള്‍ ആരംഭിച്ചത്. ലഖ്നൗവില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനമാണ് ഇവിടെ ആദ്യമായി ലാന്‍ഡ് ചെയ്തത്. പശ്ചിമ ഉത്തര്‍പ്രദേശിലെയും ദേശീയ തലസ്ഥാന മേഖലയിലെയും (എന്‍സിആര്‍) വ്യോമയാന ബന്ധം മെച്ചപ്പെടുത്തുന്നതില്‍ വിമാനത്താവളം നിര്‍ണായക പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷ.

സൂറിച്ച് എയര്‍പോര്‍ട്ട് ഇന്റര്‍നാഷണല്‍ എജിയുടെ ഉപസ്ഥാപനമായ യമുന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും സംയുക്തമായാണ് പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ പദ്ധതി വികസിപ്പിച്ചത്.

ആദ്യഘട്ടത്തില്‍ ഒരു റണ്‍വേയും ഒരു പാസഞ്ചര്‍ ടെര്‍മിനലുമാണ് വിമാനത്താവളത്തിലുള്ളത്. പ്രതിവര്‍ഷം ഏകദേശം 1.2 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ഈ ഘട്ടത്തില്‍ സാധിക്കും. തുടര്‍ന്നുള്ള വികസനത്തിലൂടെ പ്രതിവര്‍ഷം ഏഴ് കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതിയില്‍ വിമാനത്താവളത്തെ വികസിപ്പിക്കുകയാണ് ലക്ഷ്യം.

കാര്‍ഗോ സൗകര്യങ്ങള്‍, വിമാന അറ്റകുറ്റപ്പണികള്‍, നൈപുണ്യ വികസന പരിപാടികള്‍, വിദ്യാഭ്യാസം, കായികം തുടങ്ങിയ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനം എന്നിവയിലൂടെ പ്രദേശത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. പദ്ധതിക്കായി ഭൂമി വിട്ടുനല്‍കിയ കര്‍ഷകരുടെ സഹകരണത്തെയും അദ്ദേഹം അഭിനന്ദിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment