കൊച്ചി: കെഎഫ്‌സി വായ്പാ ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ എംഎല്‍എ പി.വി. അന്‍വര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി വീണ്ടും തള്ളി. സമാന ആവശ്യം ഉന്നയിച്ച് അന്‍വര്‍ സമര്‍പ്പിച്ച ഹര്‍ജി ഇത് രണ്ടാം തവണയാണ് ഹൈക്കോടതി തള്ളുന്നത്.
കെഎഫ്‌സിയില്‍ 22.30 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്ന പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്‍വര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിന് പിന്നാലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വിജിലന്‍സ് എഫ്‌ഐആര്‍ റദ്ദാക്കുന്നത് സ്വതന്ത്ര അന്വേഷണത്തെ ബാധിക്കുമെന്നും പരാതിക്കാരനായ മുരുഗേഷ് നരേന്ദ്രന്‍ കോടതിയെ അറിയിച്ചു. അന്‍വറിനെതിരായ തെളിവുകളും കോടതിയില്‍ ഹാജരാക്കി.
തുടര്‍ന്ന് ഹര്‍ജിയുമായി മുന്നോട്ടുപോകുന്നില്ലെന്ന് അന്‍വറിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. സമാന ആവശ്യവുമായി കഴിഞ്ഞ മാര്‍ച്ചിലും അന്‍വര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്നും ഹര്‍ജി തള്ളിയിരുന്നു.
കെഎഫ്‌സി വായ്പാ ക്രമക്കേടില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ 29നാണ് തിരുവനന്തപുരത്തെ വിജിലന്‍സ് യൂണിറ്റ് അന്‍വര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കേരള ഫിനാന്‍സ് കോര്‍പ്പറേഷന്‍ മലപ്പുറം ബ്രാഞ്ച് ചീഫ് മാനേജര്‍ അബ്ദുല്‍ മനാഫ്, ഡെപ്യൂട്ടി മാനേജര്‍ മിനി, ജൂനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ മുനീര്‍ അഹമ്മദ് പി., പി.വി. അന്‍വര്‍, അന്‍വറിന്റെ ഡ്രൈവറും മാലംകുളം കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഡയറക്ടറുമായ സിയാദ് എന്നിവരെയാണ് കേസില്‍ ഒന്നു മുതല്‍ അഞ്ച് വരെ പ്രതികളാക്കിയത്.
Comments
No comments yet. Be the first to comment!
Leave a Comment