തിരുവനന്തപുരം: രാജ്യതലസ്ഥാനത്ത് പ്രതിപക്ഷം നടത്തുന്ന പ്രക്ഷോഭങ്ങളെ പ്രതിരോധിക്കാന്‍ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ബി.ജെ.പി തീരുമാനം. ഇന്ന് ചേര്‍ന്ന ബി.ജെ.പി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഇല്ലീഗല്‍ മുഖ്യമന്ത്രി (Illegal Chief Minister) എന്ന ടാഗ്ലൈന്‍ ഉയര്‍ത്തിപ്പിടിച്ചായിരിക്കും ബി.ജെ.പിയുടെ സമരപരിപാടികള്‍. എന്‍.ഡി.എ ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന സന്ദേശം ശക്തമായി പൊതുസമൂഹത്തില്‍ എത്തിക്കണമെന്ന് നേതാക്കളോട് രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിന് മറുപടിയായി, സംസ്ഥാന മുഖ്യമന്ത്രിയെ തടഞ്ഞ് പ്രതിരോധം തീര്‍ത്ത യുവമോര്‍ച്ചയുടെ നടപടിയെ യോഗം അഭിനന്ദിച്ചു. മന്ത്രിമാര്‍ക്കെതിരെ നടത്തിയ പ്രതിഷേധങ്ങളിലൂടെ വിഷയം ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി.
അതേസമയം, തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി.വി. രാജേഷിനെ ബി.ജെ.പി സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. പാര്‍ട്ടിയുടെ സംസ്ഥാനത്തെ ഏക മേയര്‍ എന്ന പരിഗണന അദ്ദേഹത്തിന് നല്‍കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments
No comments yet. Be the first to comment!
Leave a Comment