Friday, October 9, 2026
Kerala News

സ്ത്രീപീഡന പരാതി; സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയെന്ന് സ്ഥിരീകരിച്ച് പി.കെ. ശ്രീമതി

 സ്ത്രീപീഡന പരാതി; സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയെന്ന് സ്ഥിരീകരിച്ച് പി.കെ. ശ്രീമതി


തിരുവനന്തപുരം: പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇ.എന്‍. സുരേഷ് ബാബുവിനെ മാറ്റിയത് സ്ത്രീപീഡന പരാതിയെ തുടര്‍ന്നാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി സ്ഥിരീകരിച്ചു. സ്ത്രീപീഡന കേസുകളില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ് പാര്‍ട്ടിയുടെ പാരമ്പര്യമെന്നും ഭാവിയിലും ഈ നിലപാട് തുടരുമെന്നും പി.കെ. ശ്രീമതി വ്യക്തമാക്കി.

അതേസമയം, സുരേഷ് ബാബുവിനെതിരെ പരാതി ലഭിച്ചിട്ടുണ്ടോയെന്ന് അറിയില്ലെന്നാണ് സിപിഐഎം നേതാവ് കെ.കെ. ശൈലജ പ്രതികരിച്ചത്. വ്യക്തിപരമായ കാരണങ്ങളാണെങ്കിലും സുരേഷ് ബാബുവിനെ മാറ്റിയത് പാര്‍ട്ടി തന്നെയാണെന്നും ശൈലജ പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗം പി. സതീദേവിയും പരാതി സംബന്ധിച്ച് സ്ഥിരീകരണം നല്‍കാന്‍ തയ്യാറായില്ല.

സുരേഷ് ബാബുവിനെതിരെ പരാതി നല്‍കാന്‍ യുവതി മുന്നോട്ട് വന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പ്രതികരിച്ചു. പാലക്കാട്ടെ സിപിഐഎം മുന്‍ ജില്ലാ സെക്രട്ടറിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു.

വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് സിപിഐഎം സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ ഇതുവരെ വിശദീകരിച്ചിരുന്നത്. മാധ്യമങ്ങള്‍ നിരന്തരം ചോദ്യം ഉന്നയിച്ചിട്ടും പരാതി ഉണ്ടായിരുന്നോ, പരാതിയുടെ സ്വഭാവം എന്താണ് തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്ഥിരീകരണം നല്‍കിയിരുന്നില്ല.


Related News

Comments

No comments yet. Be the first to comment!

Leave a Comment