Wednesday, October 7, 2026
India News

ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ പ്രതിഷേധം; എംപിമാരെ പൊലീസ് തടഞ്ഞു

 ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ പ്രതിഷേധം;  എംപിമാരെ പൊലീസ് തടഞ്ഞു


ന്യൂഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാസഖ്യം എംപിമാരുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധം. പാര്‍ലമെന്റിന് മുന്നില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് എംപിമാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

സേവ് ഡെമോക്രസി എന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും മാര്‍ച്ചിന് നേതൃത്വം നല്‍കി. പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന് മുകളില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കയറി പ്രതിഷേധിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി അഖിലേഷ് യാദവ് രംഗത്തെത്തി. ബിജെപിക്ക് അവരുടെ ഓഫീസ് തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ സ്ഥാപിക്കാമെന്നായിരുന്നു അഖിലേഷിന്റെ വിമര്‍ശനം. ആര്‍എസ്എസ് യൂണിഫോം ധരിച്ച ഗ്യാനേഷ് കുമാറിന്റെ കട്ടൗട്ടുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി.

പ്രതിഷേധം ശക്തമായതോടെ പൊലീസ് ബലപ്രയോഗത്തിലൂടെ എംപിമാരെ നീക്കി. ഇ.ടി. മുഹമ്മദ് ബഷീര്‍, ഡീന്‍ കുര്യാക്കോസ് തുടങ്ങിയ എംപിമാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.

അതേസമയം, തിരഞ്ഞെടുപ്പ് വിഷയത്തില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് തുടക്കമിടാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ശനിയാഴ്ച മുതല്‍ വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ ക്യാമ്പയിന്‍ ആരംഭിക്കും. നവംബര്‍ ഒന്നിന് ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ മഹാറാലിയും സംഘടിപ്പിക്കും.


Related News

Comments

No comments yet. Be the first to comment!

Leave a Comment