ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം പ്രഖ്യാപിച്ച രാജ്യവ്യാപക പ്രക്ഷോഭത്തെ തുടര്‍ന്ന് രാജ്യതലസ്ഥാനം സമരകലുഷിതമായി. ഡല്‍ഹിയിലെ ജന്തര്‍ മന്തറിലേക്ക് വിവിധ യുവജന-വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ജന്തര്‍ മന്തറിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷാ സേനയെയാണ് വിന്യസിച്ചിരിക്കുന്നത്. ഇന്ത്യാ സഖ്യത്തിന്റെ ആഹ്വാനപ്രകാരം വിവിധ സംസ്ഥാനങ്ങളിലെ ജില്ലാ കളക്ട്രേറ്റുകളിലേക്കും ഇന്ന് പ്രതിഷേധ മാര്‍ച്ചുകള്‍ ആരംഭിച്ചിട്ടുണ്ട്.
പ്രതിഷേധം നിയന്ത്രിക്കുന്നതിനായി ബാരിക്കേഡുകള്‍ സ്ഥാപിച്ച പൊലീസ്, പ്രദേശത്തെ മെട്രോ സ്റ്റേഷനുകള്‍ അടയ്ക്കുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിക്കുകയും ചെയ്തു. എന്നാല്‍, ഈ കര്‍ശന നിയന്ത്രണങ്ങളെയും മറികടന്ന് പ്രതിപക്ഷ യുവജന-വിദ്യാര്‍ഥി സംഘടനകളിലെ പ്രവര്‍ത്തകര്‍ ചെറു സംഘങ്ങളായി ജന്തര്‍ മന്തറിലേക്ക് ഒഴുകിയെത്തി. സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയുടെ നേതൃത്വത്തില്‍ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടയുകയും നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.
രാവിലെ മുതല്‍ തന്നെ ആം ആദ്മി പാര്‍ട്ടി, എന്‍.എസ്.യു.ഐ (NSUI), ഐസ (AISA) തുടങ്ങിയ സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. തലസ്ഥാനത്തെ പ്രതിഷേധങ്ങള്‍ക്ക് പുറമെ, പ്രക്ഷോഭത്തിന്റെ ഭാഗമായി വൈകിട്ട് മുംബൈ ദാദറിലെ ശിവാജി പാര്‍ക്കില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി ജയില്‍ നിറയ്ക്കല്‍ സമരം സംഘടിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment