തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ അദ്ദേഹത്തെ തള്ളാതെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അടൂര്‍ പ്രകാശ് എഐസിസിക്ക് പരാതി നല്‍കുമെന്ന് പറഞ്ഞിട്ടുണ്ടെന്നും വിഷയത്തില്‍ എഐസിസി ഉചിതമായ നടപടി സ്വീകരിക്കട്ടെയെന്നും സണ്ണി ജോസഫ് പറഞ്ഞു.
അടൂര്‍ പ്രകാശ് മുതിര്‍ന്ന നേതാവാണെന്നും എഐസിസിയാണ് അദ്ദേഹത്തെ യുഡിഎഫ് കണ്‍വീനറായി നിയോഗിച്ചതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. മുഖ്യമന്ത്രിയുമായും യുഡിഎഫ് കണ്‍വീനറുമായും താന്‍ ആശയവിനിമയം നടത്താറുണ്ട്. എന്നാല്‍ അടൂര്‍ പ്രകാശിന്റെ പരാതിയില്‍ താന്‍ കക്ഷിയല്ലെന്നും തന്റെ നിലപാട് എഐസിസിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ബിജെപിയും സിപിഎമ്മും ആസൂത്രിതമായി ആക്രമണം നടത്തുകയാണെന്ന് സണ്ണി ജോസഫ് ആരോപിച്ചു. കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ബിജെപി, സിപിഎം നേതൃത്വങ്ങളുടെ അറിവോടെയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത് കേവലം കരിങ്കൊടി പ്രതിഷേധത്തില്‍ ഒതുങ്ങുന്നതല്ലെന്നും മന്ത്രിയുടെ വാഹനത്തിന് നേരെയും ആക്രമണമുണ്ടാകുന്നുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ച് ജനകീയമായി മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്നങ്ങള്‍, തെരഞ്ഞെടുപ്പിലെ തോല്‍വി, വിവിധ കേസുകളിലെ അന്വേഷണങ്ങള്‍ എന്നിവയില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് ആക്രമണങ്ങള്‍ നടത്തുന്നതെന്നും സണ്ണി ജോസഫ് ആരോപിച്ചു.
ദേശീയ തലത്തില്‍ ബിജെപി പ്രതിരോധത്തിലാണെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ക്കെതിരെ പ്രതിഷേധം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് ശ്രമം നടക്കുന്നതെന്നും ബിജെപി, സിപിഎം നേതാക്കളുടെ ഒത്താശയോടെ നടക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
Comments
No comments yet. Be the first to comment!
Leave a Comment