Saturday, October 3, 2026
Kerala News

അടൂര്‍ പ്രകാശിനെ തള്ളി മുസ്ലിം ലീഗ്; യുഡിഎഫില്‍ വലിയ പ്രശ്നങ്ങളില്ലെന്ന് കുഞ്ഞാലിക്കുട്ടി

അടൂര്‍ പ്രകാശിനെ തള്ളി മുസ്ലിം ലീഗ്; യുഡിഎഫില്‍ വലിയ പ്രശ്നങ്ങളില്ലെന്ന് കുഞ്ഞാലിക്കുട്ടി



മലപ്പുറം: യുഡിഎഫ് കണ്‍വീനറും എംപിയുമായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനങ്ങളെ തള്ളി മുസ്ലിം ലീഗ് നേതൃത്വം. മുന്നണിയില്‍ വലിയ പ്രശ്നങ്ങളില്ലെന്നും അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാവുന്നതാണെന്നും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വിഷയം നിലനില്‍ക്കെ ഇത്തരമൊരു പ്രശ്നം ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് അമിത പ്രാധാന്യം നല്‍കേണ്ടതില്ലെന്നും ഉഭയകക്ഷി ചര്‍ച്ചകളിലൂടെയാണ് ചില കാര്യങ്ങളില്‍ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ഇനിയും ചില നിയമനങ്ങളില്‍ തീരുമാനമെടുക്കാനുണ്ടെന്നും അതോടെ എല്ലാവരുടെയും പരാതികള്‍ അവസാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് വ്യക്തമാക്കി. വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫില്‍ ചര്‍ച്ച ചെയ്താണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്നതാണെന്നും പാണക്കാട് സാദിഖലി തങ്ങള്‍ പ്രതികരിച്ചു.

ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുന്നണിയില്‍ ആവശ്യമായ കൂടിയാലോചനകള്‍ നടന്നില്ലെന്ന അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തിലാണ് മുസ്ലിം ലീഗ് നേതൃത്വത്തിന് അതൃപ്തി. അടൂര്‍ പ്രകാശിന്റെ പരാമര്‍ശങ്ങള്‍ അനാവശ്യവും അനവസരത്തിലുള്ളതുമാണെന്നാണ് ലീഗ് നേതാക്കളുടെ നിലപാട്.

ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം ഡോ. എം.കെ. മുനീറിന് നല്‍കാന്‍ നേരത്തെ ധാരണയുണ്ടായിരുന്നുവെന്നാണ് ലീഗ് നേതൃത്വം പറയുന്നത്. മുന്നണി യോഗം വിളിക്കാന്‍ ചുമതലയുള്ള കണ്‍വീനര്‍ തന്നെ വിഷയത്തില്‍ വ്യത്യസ്ത നിലപാട് പരസ്യമായി പ്രകടിപ്പിച്ചത് ശരിയായില്ലെന്നും ലീഗ് വിലയിരുത്തുന്നു.

അതിനിടെ, ഡോ. എം.കെ. മുനീറിനെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.


Related News

Comments

No comments yet. Be the first to comment!

Leave a Comment